ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിൽ അമേരിക്കക്ക് ആശങ്ക
text_fieldsആന്റണി ബ്ലിങ്കൻ
വാഷിങ്ടൺ: ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളും വീടും തകർക്കലും ആശങ്കകരമാംവിധം വർധിക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമം പാസാക്കിവരികയാണെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ വാർഷിക മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ കഴിഞ്ഞവർഷം മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഉന്നയിച്ചതായി വാർഷിക റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിലും മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളെ അക്രമത്തിൽനിന്ന് സംരക്ഷിക്കാനും അവർക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനുമുള്ള കേന്ദ്രസർക്കാറിന്റെ വിമുഖതയിൽ ഒരുവിഭാഗം ന്യൂനപക്ഷങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ചിലത് ന്യൂനപക്ഷ സമുദായാംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനായിരുന്നുവെന്ന് മതസംഘടനകൾ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷവും ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ട് അമേരിക്ക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ ഇന്ത്യ തയാറായിരുന്നില്ല.

