കുരുക്ക് മുറുക്കി അമേരിക്ക; മദുറോക്കെതിരെ പുതിയ പീഡനക്കേസുകൾ ചുമത്തി
text_fieldsന്യൂയോർക്ക്: വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് അമേരിക്ക. രാഷ്ട്രീയ എതിരാളികളെയും അമേരിക്കൻ പൗരന്മാരെയും പീഡിപ്പിക്കുന്നതിനായി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള അടിച്ചമർത്തൽ സംവിധാനം നടപ്പിലാക്കിയെന്ന പുതിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് മാൻഹട്ടൻ ഫെഡറൽ കോടതിയിൽ കേസ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ കാരക്കാസിലെ വസതിയിൽ വെച്ച് യു.എസ് സേനയുടെ പ്രത്യേക നടപടിയിലൂടെ കസ്റ്റഡിയിലെടുത്ത മദുറോയും ഭാര്യയും നിലവിൽ ബ്രൂക്ലിനിലെ ഡിറ്റൻഷൻ സെന്ററിലാണ് ഇപ്പോൾ കഴിയുന്നത്. ഇതിനുമുമ്പ് നാർക്കോ-ടെററിസം, കൊക്കെയ്ൻ കടത്ത്, ആയുധക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ നിലവിൽ പുറത്തുവന്ന പുതിയ കുറ്റപത്രത്തിൽ പീഡന ഗൂഢാലോചന കുറ്റവും അധികമായി ചേർത്തിട്ടുണ്ട്.
കുറ്റപത്രത്തിലെ പ്രധാന വിവരങ്ങൾ
അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, 2013-ൽ മദുറോ അധികാരത്തിൽ വന്നതുമുതൽ രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഈ സംവിധാനം ഉപയോഗിച്ചു. തടവുകാരെ വൈദ്യുതാഘാതം ഏൽപ്പിക്കുക, ശ്വാസം മുട്ടിക്കുക, ലൈംഗികാതിക്രമം, നഗ്നരാക്കൽ, ദീർഘകാല ഏകാന്ത തടവ്, പട്ടിണിക്കിടൽ, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രൂരതകൾ ഭരണകൂടത്തിന്റെ അറിവോടെ നടന്നു. കൂടാതെ, വെനിസ്വേലയിൽ തടവിലാക്കപ്പെട്ട ചില അമേരിക്കൻ പൗരന്മാരും ഇത്തരം പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഭരണഘടനാനുസൃതമായ അധികാരം ദുരുപയോഗം ചെയ്ത് പീഡനങ്ങൾക്ക് മദുറോ നേതൃത്വം നൽകിയെന്നും, ഇതിന്റെ നടത്തിപ്പിൽ ഭാര്യ സിലിയ ഫ്ലോറസ് സജീവമായി പങ്കാളിയായെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ആരോപണങ്ങളെല്ലാം പ്രതിഭാഗം പൂർണ്ണമായും നിഷേധിച്ചു.
അതേസമയം, തങ്ങൾക്കെതിരെയുള്ള എല്ലാ പുതിയ കുറ്റങ്ങളിലും മദുറോയും ഭാര്യയും കുറ്റക്കാരാണെന്ന് കാണാൻ കഴിയില്ലെന്നും കോടതിയിൽ നിരപരാധത്വം തെളിയിക്കുമെന്നും പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു. വിദേശ രാജ്യത്തലവൻ എന്ന നിലയിലുള്ള നിയമപരമായ പരിരക്ഷ തങ്ങൾക്കുണ്ടെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് അവരുടെ പ്രധാന വാദം. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന കേസിന്റെ വിചാരണ നടപടികൾ 2027 ജൂൺ ഒന്നിന് ആരംഭിക്കുമെന്നാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. കുറ്റങ്ങൾ തെളിഞ്ഞാൽ കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

