യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ത്രിരാഷ്ട്ര ഉച്ചകോടി; ട്രംപിനെയും ഷീ ജിൻപിങ്ങിനെയും ക്ഷണിച്ച് പുടിൻ
text_fieldsമോസ്കോ: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അടുത്ത മാസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര ഉച്ചകോടി നടത്താനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യക്ക് അനുകൂലമായ വ്യവസ്ഥകളോടെ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലെന്ന് സൂചന. ചർച്ചകളെക്കുറിച്ച് അറിവുള്ള വ്യക്തികളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ട്രംപും പുടിനും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിനിടെയാണ് പുതിയ നീക്കം പുറത്തുവരുന്നത്. റഷ്യയിൽനിന്ന് ഡീസൽ വാങ്ങുന്നതിനുള്ള കരാർ പ്രഖ്യാപിച്ചതും മോസ്കോക്കെതിരായ ഉപരോധങ്ങളിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായ മാറ്റങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സമ്മർദത്തിലാക്കാൻ ലക്ഷ്യമിട്ടിരുന്ന അമേരിക്കൻ നിലപാടിൽ മാറ്റമുണ്ടാകുന്നുണ്ടോയെന്ന ചോദ്യവും ഇതോടെ ഉയർന്നിട്ടുണ്ട്.
ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പുടിൻ ത്രിരാഷ്ട്ര ഉച്ചകോടി എന്ന ആശയം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യൻ ഇന്റലിജൻസ് വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (എപെക്) ഭാഗമായി റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടത്താനാണ് ക്രെംലിൻ ആലോചിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 18, 19 തീയതികളിൽ ചൈനയിലാണ് ഉച്ചകോടി നടക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തി മൂന്നു രാജ്യങ്ങളുടെയും നേതാക്കളെ ഒരുമിച്ചിരുത്താനുള്ള സാധ്യതയാണ് റഷ്യ പരിശോധിക്കുന്നത്.
അതേസമയം, ത്രിരാഷ്ട്ര കൂടിക്കാഴ്ചയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വാൾസ്ട്രീറ്റ് ജേണലിനോട് സ്ഥിരീകരിച്ചു. കൂടിക്കാഴ്ച നടക്കുമോ, നടന്നാൽ എന്തൊക്കെയായിരിക്കും ചർച്ചാവിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണയായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, ഇത്തരമൊരു കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത മൂന്നു രാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും പെസ്കോവ് പറഞ്ഞു.
അതിനിടെ, റഷ്യയുമായി ട്രംപ് ഉണ്ടാക്കിയ ഡീസൽ കരാറിനും മോസ്കോയ്ക്കെതിരായ ഉപരോധങ്ങളിൽ ഇളവ് അനുവദിച്ച തീരുമാനത്തിനുമെതിരെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം നടപടികൾ പുടിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും യുദ്ധം ദീർഘിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പുതിയ ഉച്ചകോടി വഴിയൊരുക്കുമോ, അതോ റഷ്യയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ഒത്തുതീർപ്പിനാണോ ഇത് വഴിവെക്കുകയെന്നതാണ് ഇനി നിർണായകമാകുക. ട്രംപിന്റെ നിലപാട്, ചൈനയുടെ പങ്കാളിത്തം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഈ നീക്കത്തിന്റെ ഭാവി.

