Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരണത്തെക്കുറിച്ച് പ്രസംഗിച്ച് നിമിഷങ്ങൾക്കകം കുരിശ് തലയിൽ വീണ് പുരോഹിതന് ദാരുണാന്ത്യം

text_fields
bookmark_border
മരണത്തെക്കുറിച്ച് പ്രസംഗിച്ച് നിമിഷങ്ങൾക്കകം കുരിശ് തലയിൽ വീണ് പുരോഹിതന് ദാരുണാന്ത്യം
cancel

ക്വിറ്റോ: മരണത്തെക്കുറിച്ച് വിശ്വാസികളോട് പ്രസംഗിച്ച് നിമിഷങ്ങൾക്കകം കൂറ്റൻ കുരിശ് തലയിലേക്ക് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലെ പുരോഹിതനായ ഫാ. പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. ശനിയാഴ്ച നടന്ന കുർബാനക്കിടെ അൾത്താരക്ക് പിന്നിൽ സ്ഥാപിച്ചിരുന്ന വലിയ കുരിശ് തലയിലേക്ക് വീഴുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്ന കുർബാനക്കിടെയായിരുന്നു അപകടം.

മരണത്തെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു ദുരന്തം. മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനു പകരം ദൈവത്തിനും പ്രിയപ്പെട്ടവർക്കുമായി കൂടുതൽ സമയം മാറ്റിവെക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

“ഇവിടെ നമ്മളെല്ലാവരും ഒരുനാൾ മരിക്കും. ചില കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയത്തേക്കാൾ അർഥവത്തായിരിക്കാം ദൈവത്തോടൊപ്പം ചെലവഴിക്കുന്ന സമയം” എന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്. തുടർന്ന് വിശ്വാസികൾക്ക് അനുഗ്രഹം നൽകാനുള്ള പ്രാർഥന ആരംഭിക്കുന്നതിനിടെയാണ് പിന്നിലുണ്ടായിരുന്ന കുരിശ് ഇളകി അദ്ദേഹത്തിന്റെ തലയിലേക്ക് വീണത്.

തത്സമയ സംപ്രേഷണത്തിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പുരോഹിതന്റെ പിന്നിൽനിന്ന് കുരിശ് പെട്ടെന്ന് മുന്നിലേക്ക് പതിക്കുന്നത് കാണാം. കുരിശ് തലയിലിടിച്ചതിനു പിന്നാലെ അദ്ദേഹം നിലത്തുവീണു. ശബ്ദം കേട്ട് പരിഭ്രാന്തരായ വിശ്വാസികൾ നിലവിളിച്ച് അദ്ദേഹത്തെ സഹായിക്കാനായി ഓടിയെത്തി. ഉടൻതന്നെ ആംബുലൻസിനായി വിളിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും അന്നുതന്നെ പുരോഹിതൻ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ പിന്നീട് തത്സമയ സംപ്രേഷണത്തിൽനിന്ന് നീക്കം ചെയ്തു. കൂറ്റൻ കുരിശ് ചുമരിൽനിന്ന് എങ്ങനെ വേർപെട്ടുവെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് പള്ളി അധികൃതർ വിശദീകരണം പുറത്തുവിട്ടിട്ടില്ല.

ഫാ. പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയുടെ മരണത്തിൽ ഗ്വായാക്വിൽ അതിരൂപത അനുശോചനം രേഖപ്പെടുത്തി. സെൻട്രൽ വികാരിയേറ്റിന് കീഴിലുള്ള ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന പുരോഹിതന്റെ സ്മരണാർഥം ഞായറാഴ്ച വൈകീട്ട് പ്രത്യേക ദിവ്യബലിയും നിശ്ചയിച്ചിരുന്നു.

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് വിശ്വാസികളെ ഓർമിപ്പിച്ച പുരോഹിതന്റെ വാക്കുകൾക്കു പിന്നാലെയുണ്ടായ ദാരുണമായ അപകടം വിശ്വാസികൾക്കിടയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priest Dies After Crucifix Falls on Him
Next Story