മസ്തിഷ്ക രഹസ്യത്തിന്റെ ചുരുളഴിച്ച് പുരസ്കാരത്തിലേക്ക്; വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
text_fieldsസ്റ്റോക്ഹോം: മസ്തിഷ്ക രഹസ്യത്തിന്റെ ചുരുളഴിച്ച കണ്ടുപിടിത്തത്തിന് 2026ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം. അമേരിക്കക്കാരൻ കാൾ ഡെയ്സെറോത്ത് (54), ജർമൻകാരായ പീറ്റർ ഹെഗമാൻ (71), ജോർജ് നാഗൽ (73) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് കണ്ടെത്താൻ സഹായിക്കുന്ന ‘ഓപ്റ്റോജെനെറ്റിക്സ്’ സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ഏകകോശ ആൽഗയിൽനിന്ന് ‘ചാനൽറോഡോപ്സിൻ’ എന്ന സവിശേഷ പ്രോട്ടീൻ പീറ്റർ ഹെഗെമാനും ജോർജ് നാഗലും കണ്ടെത്തി.
കാൾ ഡെയ്സറോത്ത് ഈ പ്രോട്ടീനെ നാഡീകോശങ്ങളെ പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന സ്വിച്ചാക്കി മാറ്റി. പ്രകാശം ഉപയോഗിച്ച് നാഡീസന്ദേശങ്ങളെ നിയന്ത്രിക്കുന്ന ഈ രീതിയാണ് ‘ഓപ്റ്റോജെനെറ്റിക്സ്’ എന്നറിയപ്പെടുന്നത്. മസ്തിഷ്കവും നാഡീവ്യൂഹവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കുന്നതിന് പുതിയ വഴികൾ തുറക്കുന്നതാണ് ഈ പഠനം.
മനുഷ്യന്റെ ഓർമകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ തലച്ചോറിലെ ഏതൊക്കെ നാഡീവ്യൂഹങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് ഗവേഷകരെ സഹായിക്കും. പാർക്കിൻസൺസ്, അൽഷിമേഴ്സ്, വിഷാദരോഗം തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുടെ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമാണിത്.
മസ്തിഷ്ക പഠനങ്ങളിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ച ഗവേഷകരാണ് ഇവരെന്ന് നൊബേൽ സമിതി വിലയിരുത്തി. ഒരിക്കൽ നമുക്ക് സ്വപ്നം കാണാൻ മാത്രം സാധിച്ചിരുന്ന രീതിയിൽ മസ്തിഷ്ക മാപ്പിങ് നടത്തുന്നതിനുള്ള അപാരമായ സാധ്യതകളാണ് ഒപ്റ്റോജെനെറ്റിക്സ് തുറന്നുനൽകുന്നതെന്ന് നൊബേൽ സമിതി ചെയർമാൻ പെർ സ്വെനിങ്സൺ അഭിപ്രായപ്പെട്ടു.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് ഡെയ്സെറോത്ത് പ്രവർത്തിക്കുന്നത്. ഹെഗെമാൻ ബർലിനിലെ ഹംബോൾട്ട് സർവകലാശാലയിലും നാഗൽ ജർമനിയിലെ വുർസ്ബർഗ് സർവകലാശാലയിലും പ്രവർത്തിക്കുന്നു. സ്വീഡനിലെ സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ഇതോടെ നൊബേൽ സമ്മാന പ്രഖ്യാപന വാരത്തിന് തുടക്കമായി. ചൊവ്വാഴ്ച ഭൗതികശാസ്ത്ര പുരസ്കാരവും ബുധനാഴ്ച രസതന്ത്ര പുരസ്കാരവും വ്യാഴാഴ്ച സാഹിത്യ പുരസ്കാരവും വെള്ളിയാഴ്ച സമാധാന പുരസ്കാരവും പ്രഖ്യാപിക്കും. ഏകദേശം 1.2 ദശലക്ഷം യു.എസ് ഡോളറാണ് ഈ വർഷത്തെ ആകെ സമ്മാനത്തുക.

