Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതികൾക്കെതിരെ സൗദിക്കൊപ്പം കൂടാൻ ഇസ്രായേൽ ശ്രമം; മുഹമ്മദ് ബിൻ സൽമാന്റെ നിലപാട് തടസമെന്ന് റിപ്പോർട്ട്

text_fields
bookmark_border
ഹൂതികൾക്കെതിരെ സൗദിക്കൊപ്പം കൂടാൻ ഇസ്രായേൽ ശ്രമം; മുഹമ്മദ് ബിൻ സൽമാന്റെ നിലപാട് തടസമെന്ന് റിപ്പോർട്ട്
cancel

തെൽഅവീവ്: യമനിലെ ഹൂതികൾക്കെതിരായ സൈനിക നീക്കത്തിൽ പങ്കെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇസ്രായേൽ സൗദി അറേബ്യയുടെ അനുമതി തേടിയതായി ഇസ്രയേലി മാധ്യമമായ ‘ഹാരറ്റ്സ്’ ഒരു നയതന്ത്ര സ്രോതസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങൾക്കുമിടയിൽ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ, ഇസ്രായേലിന്റെ സൈനിക ഇടപെടലിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എതിർപ്പ് പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്രായേലിന്റെ പങ്കാളിത്തം സൗദി ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും നയതന്ത്ര സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറിന് വഴിയൊരുക്കാനുമാണ് നെതന്യാഹുവിന്റെ നീക്കമെന്ന് വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു സ്രോതസിനെ ഉദ്ധരിച്ച് പത്രം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടർച്ചയായി ശ്രമിച്ചിട്ടുണ്ട്. അബ്രഹാം കരാറിൽ ഒപ്പിട്ടുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ള സാധ്യത 2023ൽ ശക്തമായിരുന്നെങ്കിലും, അതേ വർഷം ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണവും തുടർന്ന് ഗസ്സയിൽ ആരംഭിച്ച യുദ്ധവും ഈ നീക്കങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.

ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. അതേസമയം, ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ നെതന്യാഹു എതിർക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന് പ്രധാന തടസ്സമായി തുടരുകയാണ്.

സൗദി അറേബ്യക്ക് നേരെ ഹൂതികൾ ആക്രമണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ പുറത്തുവന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണങ്ങൾ വലിയ അന്താരാഷ്ട്ര വിമർശനത്തിന് കാരണമായിരുന്നു.

ശനിയാഴ്ചയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയുമുണ്ടായി. ശനിയാഴ്ചത്തെ വിമാനത്താവള ആക്രമണത്തെ നെതന്യാഹു നേരത്തെ അപലപിച്ചിരുന്നു. സംഭവത്തെ ‘ഭീകരമായ ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഇസ്രായേലിന്റെ പേരിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

പ്രശ്നത്തിൽ ഇസ്രയേൽ സൈനികമായി ഇടപെടുകയാണെങ്കിൽ സംഘർഷം കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. ഹൂതികൾക്കെതിരായ സൈനിക നീക്കത്തിൽ ഇസ്രായേലിന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നെതന്യാഹുവിന്റെ ശ്രമത്തിൽ സൗദി അറേബ്യയുടെ നിലപാട് നിർണായകമായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Netanyahu seeks Saudi nod for Israel to join strikes on Houthis: Report
Next Story