'ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇറങ്ങിപ്പോകൂ'; ബെൻ ഗ്വിറിന്റെ പ്രസംഗം തടസ്സപ്പെടുത്തി വിദ്യാർഥികൾ, വ്യപക പ്രതിഷേധം
text_fieldsതെൽ അവിവ്: തീവ്രദേശീയവാദിയും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറിന്റെ തെൽ അവിവ് സർവകലാശാലയിൽ പങ്കെടുക്കാനെത്തിയ സമ്മേളനത്തിൽ വ്യാപക പ്രതിഷേധം. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ 'സ്റ്റാൻഡിങ് ടുഗെദർ' എന്ന ഇടത് വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബെൻ ഗ്വിറിന്റെ പ്രസംഗവേദിയിലെത്തിയ ഉടൻ തന്നെ വിദ്യാർഥികൾ കസേരകളിൽ എഴുന്നേറ്റു നിന്ന് മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് പ്രതിഷേധക്കാരും ബെൻ ഗവിറിന്റെ അനുയായികളും തമ്മിൽ വേദിയിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ വേദിക്ക് സമീപം തറയിൽ കിടന്ന് ബെൻ ഗ്വിറിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ മുഴക്കി. "ഫാസിസം ഇവിടെ നടപ്പില്ല" എന്ന് അവർ ആക്രോശിച്ചു.
"നിങ്ങളുടെ നയങ്ങൾ മനുഷ്യരുടെ ജീവനെടുക്കുന്നു. കുറ്റകൃത്യങ്ങളും സ്ത്രീ കൊലപാതകങ്ങളും റെക്കോർഡ് നാളുകളിൽ വർദ്ധിക്കാൻ ഇത് കാരണമാകുന്നു. നിങ്ങൾ ഞങ്ങളുടെയെല്ലാം ജീവൻ അപകടത്തിലാക്കുകയാണ്."കൂടാതെ, "ഭീകരവാദികളെ പിന്തുണയ്ക്കുന്നയാൾ, ഇവിടെനിന്നും ഇറങ്ങിപ്പോകൂ" എന്നും സമരക്കാർ വിളിച്ചുപറഞ്ഞു.
പ്രതിഷേധക്കാരെ അഭിമുഖീകരിച്ചുകൊണ്ട് ബെൻ ഗവിർ, "മൻസൂർ അബ്ബാസിന് സംസാരിക്കാൻ അനുവാദമുണ്ടോ? എന്നാൽ എനിക്ക് സംസാരിക്കാൻ പാടില്ലേ? ഇത് നിങ്ങളുടെ കാപട്യമാണ്" എന്ന് തിരിച്ചു ചോദിച്ചു.
"കുറ്റവാളിയായ ഭീകരവാദ അനുകൂലിയെ ഞങ്ങളുടെ കാമ്പസിൽ ഇന്ന് ഞങ്ങൾ തടഞ്ഞിരിക്കുന്നു. അടുത്ത ചൊവ്വാഴ്ച, അദ്ദേഹത്തെയും കഹാനിസ്റ്റ് സർക്കാരിനെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഞങ്ങൾ വോട്ടുചെയ്യും" എന്ന് സംഭവത്തിന് ശേഷം, വിദ്യാർഥി സംഘടനയായ 'സ്റ്റാൻഡിങ് ടുഗെദർ' പ്രസ്താവനയിറക്കി. പ്രസ്താവനയിൽ വ്യക്തമാക്കി."ഇത്തരക്കാർ സർവകലാശാലയിൽ സ്വാഗതാർഹരല്ല. അദ്ദേഹത്തിന് ഇവിടെയോ മറ്റെവിടെയെങ്കിലുമോ യാതൊരുവിധ സാധുതയുമില്ല. ഞങ്ങൾ അദ്ദേഹത്തെ തുരത്തിയോടിച്ചു, അദ്ദേഹത്തോടൊപ്പം ഈ കഹാനിസ്റ്റ് സർക്കാരിനെയും ഞങ്ങൾ പുറത്താക്കും"- പ്രവർത്തകർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനും കഹാനിസ്റ്റ് ആശയങ്ങൾക്കും എതിരെ വോട്ട് ചെയ്യാനും അവർ ആഹ്വാനം ചെയ്തു.

