റഷ്യയും ഇറാനും തമ്മിൽ ഇതുവരെയില്ലാത്തവിധം അടുത്ത സൗഹൃദമെന്ന് അറാഗ്ചി; മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് ഇറാൻ
text_fieldsതെഹ്റാൻ: ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം മികച്ച സഹകരണത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. പശ്ചിമേഷ്യൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ ശ്രമിക്കുന്നതിനിടെയാണ് അറാഗ്ചിയുടെ പ്രസ്താവന.
ആഗോള രാഷ്ട്രീയ സ്ഥിതികളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി അറാഗ്ചി അറിയിച്ചു. ‘യൂറോപ്പ് മുതൽ പശ്ചിമേഷ്യ വരെയുള്ള മേഖലകളിലെ വിഷയങ്ങളും ലബനൻ, ഫലസ്തീൻ, യുക്രെയ്ൻ, യമൻ എന്നീ രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. കൂടാതെ സാമ്പത്തിക, ആണവ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. റഷ്യയും ഇറാനും തമ്മിൽ ചരിത്രത്തിൽ ഇതുവരെ ഇത്രയും അടുത്ത് പ്രവർത്തിച്ചിട്ടില്ല," അറാഗ്ചി എക്സിൽ കുറിച്ചു. യുദ്ധത്തിന് ശേഷം ആദ്യമായി ഇറാനിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അറാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ലാവ്റോവിന്റെ ഇറാൻ സന്ദർശനം. വലിയ തോതിലുള്ള യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത് തടയുകയാണ് റഷ്യയുടെ ശ്രമങ്ങളുടെ ലക്ഷ്യമെന്ന് സന്ദർശനത്തിന് മുന്നോടിയായി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നടത്തിയ കൂടിക്കാഴ്ചയിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.
നിവലിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപരോധങ്ങൾ നേരിടുന്ന രണ്ട് രാജ്യങ്ങളാണ് റഷ്യയും ഇറാനും. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ സൃഷ്ടിച്ച അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിലായിരുന്നു ഇരു രാജ്യങ്ങളുടെയും ചർച്ചകൾ കേന്ദ്രീകരിച്ചിരുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ യുദ്ധം പശ്ചിമേഷ്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും വലിയ തിരിച്ചടിയാണെന്നും റഷ്യ വ്യക്തമാക്കി.
ഇറാനിലേക്കുള്ള ലാവ്റോവിന്റെ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും അമേരിക്കയെയും ഇസ്രായേലിനെയും വിമർശിച്ചിരുന്നു. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ മധ്യസ്ഥനീക്കങ്ങൾ എത്രത്തോളം ഫലം കാണുമെന്നത് നിർണായകമാണ്.

