മാലദ്വീപിന് വൻ സഹായവുമായി ഇന്ത്യ
text_fieldsമാലി: മാലദ്വീപിന് കൂടുതൽ സാമ്പത്തിക സഹായം നൽകി ഇന്ത്യ. 50 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായമാണ് അനുവദിച്ചത്. മാലദ്വീപ് ധനമന്ത്രാലയം പുറത്തിറക്കിയ ട്രഷറി ബിൽ ഒരു വർഷത്തേക്കുകൂടി എസ്.ബി.ഐ വാങ്ങുകയായിരുന്നു. മാലദ്വീപ് സർക്കാർ ആവശ്യ പ്രകാരമാണ് എസ്.ബി.ഐ നിക്ഷേപം നടത്തിയതെന്ന് ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു. 2019 മുതൽ മാലദ്വീപിന്റെ ട്രഷറി ബില്ലുകളിൽ എസ്.ബി.ഐ നിക്ഷേപം നടത്തുന്നുണ്ട്.
പലിശരഹിതമായ സാമ്പത്തിക സഹായം ലഭിക്കുമെന്നതാണ് ട്രഷറി ബിൽ നിക്ഷേപത്തിന്റെ സവിശേഷത. ഇന്ത്യയുടെ സുപ്രധാന അയൽരാജ്യമായ മാലദ്വീപിനുള്ള അടിയന്തര സാമ്പത്തിക സഹായമാണിതെന്നും ഹൈകമീഷൻ പറഞ്ഞു. മാലിദ്വീപിന് നിർണായക സാമ്പത്തിക സഹായം നൽകിയ ഇന്ത്യയെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഖലീൽ നന്ദി അറിയിച്ചു.

