'നീ ജനാധിപത്യം തകർത്ത തീവ്രവാദി': മുഹമ്മദ് യൂനുസിനെ അധിക്ഷേപിച്ച സംഭവം: പിന്നിൽ 'അവാമി ലീഗ് ഭീകരത'യെന്ന് ബംഗ്ലാദേശ്
text_fieldsമുഹമ്മദ് യൂനുസ്
ന്യൂയോർക്ക്: ബംഗ്ലാദേശ് മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവും നൊബേൽ പുരസ്കാര ജേതാവുമായ പ്രൊഫ. മുഹമ്മദ് യൂനുസിന് നേരെ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധിക്ഷേപവും കയ്യേറ്റശ്രമവും. ചക്രക്കസേരയിൽ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നീങ്ങുകയായിരുന്ന യൂനുസിനെ തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ 'തീവ്രവാദി', 'ജനാധിപത്യ ധ്വംസകൻ' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അധിക്ഷേപിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബംഗ്ലാദേശ് സർക്കാർ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും യൂനുസിന് നൽകിയ സുരക്ഷാ പ്രോട്ടോക്കോളിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ധാക്ക വ്യക്തമാക്കി.
വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ; മുദ്രാവാക്യം വിളികളോടെ വളഞ്ഞു
ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ ടെർമിനൽ 8-ൽ എത്തിയപ്പോഴായിരുന്നു മുഹമ്മദ് യൂനുസിന് നേരെ പ്രതിഷേധക്കാർ പാഞ്ഞടുത്തത്. ഇടക്കാല സർക്കാരിന്റെ നേതൃത്വം ഒഴിഞ്ഞതിന് ശേഷം യൂനുസ് നടത്തുന്ന ആദ്യ വിദേശ യാത്രയായിരുന്നു ഇത്.
"നീ ഒരു തീവ്രവാദിയാണ്. എന്തിനാണ് ഇങ്ങോട്ട് വന്നത്? നീ ഞങ്ങളുടെ രാജ്യത്തെ ജനാധിപത്യം തകർത്തു. നിരപരാധികളെ കൊന്നൊടുക്കി. തിരിച്ചുപോകൂ!"
— എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് പ്രതിഷേധക്കാർ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന സഹായികളും ചേർന്ന് യൂനുസിനെ തിരികെ വിമാനത്താവളത്തിനുള്ളിലേക്ക് സുരക്ഷിതമായി മാറ്റി. പ്രതിഷേധക്കാരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട അവാമി ലീഗിന്റെ വിദേശത്തുള്ള പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ബംഗ്ലാദേശ് ഭരണകൂടം ആരോപിച്ചു.
'അവാമി ഭീകരത വെച്ചുപൊറുപ്പിക്കില്ല': ബംഗ്ലാദേശ് സർക്കാർ
സംഭവത്തെ ശക്തമായി അപലപിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വാർത്താവിതരണ ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്മാൻ, ഇത് 'അവാമി ലീഗ് ഭീകരത'യാണെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ മാസം ഇറ്റലിയിൽ നടി അസ്മേരി ഹഖ് ബാദോന് നേരെ അതിക്രമം ഉണ്ടായപ്പോൾ സ്വീകരിച്ച അതേ നിയമനടപടികൾ ഈ കേസിലും സ്വീകരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി:
"വിദേശത്ത് ജീവിക്കുന്ന അവാമി ലീഗ് പ്രവർത്തകർ ആളുകളെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചാൽ അത് ചോദ്യം ചെയ്യപ്പെടാതെ പോകില്ല. മുൻ ഭരണത്തലവൻ എന്ന നിലയിൽ മുഹമ്മദ് യൂനുസിന് നൽകേണ്ട സുരക്ഷാ ക്രമീകരണങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സർക്കാർ വിശദമായി പരിശോധിക്കും."
— സാഹിദ് ഉർ റഹ്മാൻ പറഞ്ഞു.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം അധികാരമേറ്റ ഇടക്കാല ഭരണകൂടത്തെ നയിച്ച മുഹമ്മദ് യൂനുസ് ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് അധികാരം ഒഴിഞ്ഞത്. ഹസീന അനുകൂലികളായ പ്രവാസി വിഭാഗങ്ങൾക്കിടയിൽ യൂനുസിനെതിരെ നിലനിൽക്കുന്ന അമർഷമാണ് വിമാനത്താവളത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

