Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ പട്ടിക ലഭിച്ചിട്ടും സഹപൈലറ്റിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു; ഫ്ലൈദുബൈ ആക്രമണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

text_fields
bookmark_border
യാത്രക്കാരുടെ പട്ടിക ലഭിച്ചിട്ടും സഹപൈലറ്റിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു; ഫ്ലൈദുബൈ ആക്രമണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്
cancel

തെൽ അവീവ്: ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ ബോയിങ് വിമാനത്തിൽ നടന്ന ആക്രമണ സംഭവങ്ങളിൽ ​ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഗുരുതര സുരക്ഷാ വീഴ്ച നടന്നതായി റിപ്പോർട്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് തന്നെ ജീവനക്കാരുടെയും യാത്രക്കാരുടെയും പേരുവിവരങ്ങൾ ഇസ്രായേൽ അധികൃതർക്ക് ലഭിച്ചിരുന്നുവെങ്കിലും, ആക്രമിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിയെ മുൻകൂട്ടി തിരിച്ചറിയാനോ തടയാനോ സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന കാലത്ത് തീവ്രവാദ ചായ്‌വുകളുടെ പേരിൽ മാറ്റിനിർത്തപ്പെടുകയും, സ്വന്തം രാജ്യത്ത് വിമാനങ്ങൾ പറത്തുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തിരുന്ന ഹമാം അൽ ഹമ്മാമിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ദുബൈയിൽ നിന്ന് 182 പേരുമായി വിമാനം പറന്നുയർന്നത്. യാത്രാമധ്യേ ഏകദേശം 34,000 അടി ഉയരത്തിൽ വെച്ച്, സഹപൈലറ്റ് ഹമാം അൽ ഹമ്മാമി കോക്പിറ്റിൽ വെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഇയാൾ, യാത്രാവിമാനം പെട്ടെന്ന് താഴേക്ക് കുത്തനെ ഇറക്കാൻ തുടങ്ങി. വെറും രണ്ട് മിനിറ്റിനുള്ളിൽ 17,000 താഴ്ചയിലധികം ഉയരമാണ് വിമാനം താഴ്ന്നത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തറയിൽ വീണെങ്കിലും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തുറക്കാനുള്ള സംവിധാനം പ്രവർത്തിപ്പിക്കുകയായിരുന്നു. വാതിൽ തുറക്കപ്പെട്ട ഉടൻ തന്നെ യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിലെ റിസർവ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.

സംഭവത്തെ ഒരു 'ഭീകരപ്രവർത്തന ശ്രമം' എന്നാണ് യു.എ.ഇ അറ്റോർണി ജനറൽ വിശേഷിപ്പിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. യു.എ.ഇയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, വിദേശ സിവിൽ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും കർശനമാക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel had names before flydubai FZ1073 took off, failed to flag Omani co-pilot: Report
Next Story