Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങളെ കണ്ടാൽ കഷ്ടം തോന്നും, അറപ്പുളവാകുന്നു’; ആരോഗ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന്‍റെ ശരീരപ്രകൃതിയെ പരിഹസിച്ച് ട്രംപ്

text_fields
bookmark_border
‘നിങ്ങളെ കണ്ടാൽ കഷ്ടം തോന്നും, അറപ്പുളവാകുന്നു’; ആരോഗ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന്‍റെ ശരീരപ്രകൃതിയെ പരിഹസിച്ച് ട്രംപ്
cancel

വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്‍റെ പ്രതികരണം. ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ ട്രംപ് പരിഹസിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലെ മാധ്യമപ്രവർത്തകനാണ് തുടർച്ചയായ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന ട്രംപിനോട് ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതിന് മറുപടിയായി 'ഞങ്ങൾക്ക് മികച്ച റാലിയായിരുന്നു, നല്ല പരിപാടി' എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം.

എന്നാൽ, കാൻസസിലേക്കുള്ള യാത്ര റദ്ദാക്കിയത് തുടർച്ചയായ യാത്രകൾ മൂലമുള്ള ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ കാരണമാണോ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു. ഇതോടെ ട്രംപ് പ്രകോപിതനായി. 'അങ്ങനെയൊരു ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് അസുഖമാണ്. നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്' എന്നായിരുന്നു മറുപടി. തുടർന്ന് മാധ്യമപ്രവർത്തകന്റെ ശരീരപ്രകൃതിയെ പരിഹസിക്കുകയും ചെയ്തു.

'നിങ്ങളെ നോക്കൂ, തീർത്തും ഫിറ്റ്നസില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി നിങ്ങൾ എന്നെ പിന്തുടരുകയാണ്. എനിക്ക് പൂർണ ആരോഗ്യമാണ്. നിങ്ങളാണ് അറപ്പുളവാക്കുന്നത്. ശരീരം ശ്രദ്ധിക്കൂ. നിങ്ങളെ കണ്ടാൽ കഷ്ടം തോന്നും' എന്നായിരുന്നു ട്രംപിന്‍റെ പരാമർശങ്ങൾ. മാധ്യമപ്രവർത്തകൻ തന്റെ ആരോഗ്യത്തെക്കുറിച്ച് മാത്രമാണ് ചോദിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടും ട്രംപ് പരിഹാസം തുടരുകയായിരുന്നു.

നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് വിവിധ സംസ്ഥാനങ്ങളിൽ റാലികൾ നടത്തുന്നുണ്ട്. കാൻസസിലെ സലീനയിൽ ശനിയാഴ്ചയും അയോവയിലെ ഡബ്യൂക്കിൽ ഞായറാഴ്ചയുമായിരുന്നു പ്രചാരണ പരിപാടികൾ നിശ്ചയിച്ചിരുന്നത്.

കാൻസസിൽ നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷലിന് വേണ്ടിയായിരുന്നു ട്രംപിന്റെ പ്രചാരണം. അയോവയിൽ സെനറ്റ് സ്ഥാനാർഥി ആഷ്‌ലി ഹിൻസണും ഗവർണർ സ്ഥാനാർഥി സാക് ലാനും പങ്കെടുക്കുന്ന സംയുക്ത റാലിയിലും അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ ഈ പരിപാടികൾ റദ്ദാക്കിയതായി വ്യാഴാഴ്ച അറിയിക്കുകയായിരുന്നു.

കാൻസസിൽ റോജർ മാർഷലിന് മികച്ച പിന്തുണയുണ്ടെന്നും അതിനാൽ അവിടെ നേരിട്ടെത്തേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപ് വിശദീകരിച്ചത്. പകരം വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതിനായി ഓൺലൈൻ റാലികളിൽ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

ഒക്ടോബർ മുതൽ 19 സംസ്ഥാനങ്ങളിലായി 25 റാലികളിൽ ട്രംപ് ഇതുവരെ പങ്കെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഫ്ലോറിഡയിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തുടർച്ചയായ പ്രചാരണ പരിപാടികൾ ശാരീരികമായി വെല്ലുവിളിയാണെന്ന് ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു. ദിവസവും റാലികളിൽ പ്രസംഗിക്കാൻ ദൈവം തന്റെ ശബ്ദതന്തുക്കളെ സൃഷ്ടിച്ചിട്ടില്ലെന്നായിരുന്നു മിസിസിപ്പിയിലെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞത്. എന്നാൽ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ ചോദ്യത്തിന് താൻ പൂർണ ആരോഗ്യവാനാണെന്നായിരുന്നു ട്രംപിന്റെ മറുപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US President Angered Over Health Query
Next Story