മരിച്ച ഡോക്ടറുടെ വീട്ടിൽ 2200 ഭ്രൂണാവശിഷ്ടം
text_fieldsന്യൂയോർക്: യു.എസിലെ വിൽകൗണ്ടിയിൽ രണ്ടാഴ്ച മുമ്പ് മരിച്ച ഡോക്ടറുടെ വീട്ടിൽനിന്ന് 2200 ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തി. ഭ്രൂണഹത്യ നടത്തുന്നതിൽ പേരെടുത്ത ഡോക്ടർ ഉൾറിച്ച് ക്ലോഫറുടെ വീട്ടിൽനിന്നാണ് ഇത്രയധികം ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്.
സെപ്റ്റംബർ മൂന്നിനാണു ക്ലോഫർ മരിച്ചത്. ക്ലോഫറുടെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണു ശാസ്ത്രീയമായി സൂക്ഷിച്ച ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്.ബന്ധുക്കളാണ് അധികൃതരെ സംഭവം അറിയിച്ചത്. ക്ലോഫർ വീട്ടിൽ വൈദ്യപരിശോധന നടത്തിയിരുന്നതിനോ ചികിത്സ നൽകിയിരുന്നതിനോ തെളിവൊന്നും കണ്ടെത്താനായില്ല.
അന്വേഷണവുമായി ക്ലോഫറുടെ കുടുംബം സഹകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഷികാഗോയിൽനിന്ന് 72 കിലോമീറ്റർ ദൂരെയാണ് വിൽ കൗണ്ടി. ക്ലോഫറുടെ വസ്തുവകകൾ അധികൃതർ കണ്ടുകെട്ടി. ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ ക്ലോഫർക്ക് ക്ലിനിക് ഉണ്ടായിരുന്നു. 2016ൽ ലൈസൻസ് റദ്ദാക്കിയതിനെത്തുടർന്ന് അടച്ചുപൂട്ടി.
