ഹാഫീസ് സയീദിന് 10 വർഷം തടവ്
text_fieldsമുംബൈ: 26/11 മുംബൈ ഭീകരാക്രമണത്തിൻെറ സൂത്രധാരൻ ജമാഅത്തു ദഅ്വ തലവനുമായ ഹാഫിസ് സയീദിന് 10 വർഷം തടവ്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. നിലവിൽ കോട്ട്ലാക്പാത് ജയിലിൽ കർശന സുരക്ഷയിലാണ് ഹാഫീസ് സയിദ് കഴിയുന്നത്.
ഹാഫിസ് സയീദിന് പുറമേ മറ്റ് മൂന്ന് നേതാക്കൾക്കും ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചു. സയീദിന് പുറമേ അനുയായികളായ സഫർ ഇഖ്ബാൽ, യാഹിയ മുജാഹിദ് എന്നിവർക്ക് പത്തര വർഷം തടവാണ് ശിക്ഷയായി വിധിച്ചത്. സയീദിൻെറ ബന്ധു അബ്ദുൽ റഹ്മാൻ മാക്കിക്കിനും ആറ് മാസം തടവും വിധിച്ചു.
41 കേസുകളാണ് സയീദിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത്. അതിൽ 21 കേസുകൾ തീർപ്പാക്കി. ഇതിൽ നാലെണ്ണത്തിലാണ് സയീദ് ശിക്ഷിക്കപ്പെട്ടത്. 2008ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൻെറ മുഖ്യ സൂത്രധാരൻ സയീദാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിൽ 161 പേർ കൊല്ലപ്പെട്ടിരുന്നു.

