ലഡാക്കിൽ മൊബൈൽ റേഞ്ച് ലഭിക്കില്ലേ? ടെലികോം നിയന്ത്രണങ്ങൾ അറിയാം
text_fieldsന്യൂഡൽഹി: ഇന്ത്യയ്ക്കുള്ളിൽ എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ നെറ്റ്വർക്കിനെക്കുറിച്ച് നാം സാധാരണയായി ആശങ്കപ്പെടാറില്ല. വിദേശയാത്രകളിൽ മാത്രമാണ് റോമിങും ഇന്റർനെറ്റും അന്വേഷിച്ച് നമ്മൾ ബുദ്ധിമുട്ടാറുള്ളത്. എന്നാൽ ലഡാക്ക് യാത്ര ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടുത്തെ ടെലികോം നിയന്ത്രണങ്ങളെക്കുറിച്ച് അറിയാത്ത സഞ്ചാരികൾക്ക് ഇത് വലിയൊരു തിരിച്ചടിയായേക്കാം. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള പ്രീപെയ്ഡ് സിം കാർഡുകൾ ലഡാക്കിൽ പ്രവർത്തിക്കില്ല. എന്നാൽ പോസ്റ്റ്പെയ്ഡ് കണക്ഷനുകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ സാധിക്കും.
എല്ലാ ഇന്ത്യൻ സിം കാർഡുകളും ലഡാക്കിൽ പ്രവർത്തിക്കില്ല
ജമ്മു-കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പ്രീപെയ്ഡ് റോമിംഗിന് കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ ലഡാക്കിൽ പോസ്റ്റ്പെയ്ഡ് മൊബൈൽ കണക്ഷനുകൾ മാത്രമേ പ്രവർത്തിക്കൂ എന്ന് ലഡാക്ക് പൊലീസും വ്യക്തമാക്കുന്നു. ലേ നഗരത്തിൽ നല്ല ഇന്റർനെറ്റ് ലഭ്യതയുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഇത് വളരെ പരിമിതമാണ്. ഉദാഹരണത്തിന്, ഡൽഹിയിൽ നിന്ന് പ്രീപെയ്ഡ് സിം കാർഡുമായി ലഡാക്കിലെത്തുന്ന ഒരാൾക്ക് അവിടെയെത്തിയാൽ നെറ്റ്വർക്ക് ലഭിക്കില്ല. ഏതെങ്കിലും ഒരു പ്രത്യേക സേവനദാതാവിന്റെ മാത്രം പ്രശ്നമല്ലിത്, മറിച്ച് ഈ പ്രദേശത്തിന് പുറത്തുനിന്നെടുത്ത എല്ലാ പ്രീപെയ്ഡ് കണക്ഷനുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
കുടുംബത്തോടൊപ്പം ലഡാക്ക് സന്ദർശിച്ച എൻ.ഡി.ടി.വി ഫുഡ് ആൻഡ് ട്രാവൽ സീനിയർ സബ് എഡിറ്റർ നിക്കിത നിഖിലും ഈ ദുരനുഭവം നേരിട്ടിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന പ്രീപെയ്ഡ് സിമ്മിൽ റേഞ്ച് ഇല്ലാതിരുന്നപ്പോൾ, പോസ്റ്റ്പെയ്ഡ് കണക്ഷനുണ്ടായിരുന്ന പിതാവിന്റെ ഫോൺ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിച്ചു. ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ.
അതേസമയം, പോസ്റ്റ്പെയ്ഡ് സിം എടുത്തതുകൊണ്ട് മാത്രം ലഡാക്കിലെ എല്ലാ ഉൾപ്രദേശങ്ങളിലും റേഞ്ച് ലഭിക്കണമെന്നില്ല. പ്രീപെയ്ഡ് റോമിംഗ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകാൻ മാത്രമേ പോസ്റ്റ്പെയ്ഡ് കണക്ഷൻ സഹായിക്കൂ. ലഡാക്കിലെ ചില വിദൂര പ്രദേശങ്ങളിൽ മൊബൈൽ കണക്ഷൻ ലഭ്യമല്ലെന്നതാണ് യാഥാർത്ഥ്യം.
യാത്രയ്ക്ക് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ലഡാക്ക് യാത്രയ്ക്ക് തിരിക്കുന്നവർക്ക് പ്രധാനമായും രണ്ട് വഴികളാണുള്ളത്:
- യാത്രയ്ക്ക് മുൻപ് നിലവിലുള്ള പ്രീപെയ്ഡ് നമ്പർ പോസ്റ്റ്പെയ്ഡ് ആയി മാറ്റുക.
- ലഡാക്കിൽ എത്തിയ ശേഷം ഒരു പുതിയ ലോക്കൽ കണക്ഷൻ എടുക്കുക.
ലേ നഗരത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ ഓഫ്ലൈൻ സൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പാക്കേണ്ടതുണ്ട്. മൊബൈൽ റേഞ്ച് ഇല്ലാത്ത വിദൂര പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാപ്പുകൾ, യാത്രാ രേഖകൾ, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ തുടങ്ങിയവ ഇന്റർനെറ്റ് ലഭ്യമുള്ളപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് യാത്ര കൂടുതൽ എളുപ്പമാക്കും. സഞ്ചാരികളുടെ സുരക്ഷയും അത്യാഹിതങ്ങളും മുൻനിർത്തി റിമോട്ട് ഏരിയകളിൽ സാറ്റലൈറ്റ് ഫോണുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

