16 മണിക്കൂറിൽ ബംഗളൂരു-മുംബൈ യാത്ര; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ ഒന്നുമുതൽ
text_fieldsബംഗളൂരു: പ്രമുഖ നഗരങ്ങൾ തമ്മിലുള്ള രാത്രികാല യാത്രകൾക്കായി റെയിൽവേ രൂപകൽപന ചെയ്ത വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ബംഗളൂരു-മുംബൈ സർവിസ് നവംബർ ഒന്നുമുതൽ. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണിത്. കർണാടകപ്പിറവി ദിനമായതിനാലാണ് നവംബർ ഒന്ന് സർവിസിന് തെരഞ്ഞെടുത്തത്.
ആഴ്ചയിൽ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവിസ് നടത്തുക. എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് സി.എസ്.എം.ടി മുംബൈയിലേക്ക് ആയിരിക്കും സർവിസ്. രാത്രി 7.50 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55 ന് മുംബൈയിലെത്തും. 16 മണിക്കൂർ അഞ്ച് മിനിറ്റാണ് യാത്രാസമയം.
തിരികെ രാത്രി 8.10 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55 ന് ബംഗളൂരുവിൽ എത്തിച്ചേരും. 15 മണിക്കൂർ 45 മിനിറ്റാണ് യാത്രാസമയം.
അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കൽബുറഗി, സോലാപ്പൂർ, പുനെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. 27651/27652 എന്നീ നമ്പറുകളിലായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവിസ് നടത്തുക.
ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഈ സേവനം വഴി ഗണ്യമായി കുറയും. നിലവിൽ ഈ റൂട്ടിൽ സൂപ്പർഫാസ്റ്റ് ട്രെയിൻ സൗകര്യങ്ങളുടെ കുറവുമൂലം യാത്രയ്ക്ക് 22 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്.
ബെംഗളൂരു-മുംബൈ റൂട്ടിൽ ബി.ഇ.എം.എൽ (BEML) നിർമ്മിച്ച 16 കോച്ചുകളുള്ള രണ്ട് വന്ദേ ഭാരത് റേക്കുകളാണ് ഉപയോഗിക്കുന്നത്. അടുത്തിടെ മുംബൈ-പൂനെ ഘാട്ട് സെക്ഷനിൽ ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അതേസമയം, ട്രെയിൻ നഗരത്തിലെ പ്രധാന സ്റ്റേഷനായ കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് തന്നെ ആരംഭിച്ച് അവിടെത്തന്നെ അവസാനിപ്പിക്കണമെന്നാണ് റെയിൽവേ യാത്രികരുടെ ആവശ്യം.

