സൂമിന് വെല്ലുവിളി ഉയർത്താൻ വാട്സ് ആപ് ഗ്രൂപ്പ് വീഡിയോ ചാറ്റ്
text_fieldsകാലിഫോർണിയ: വിവിധ രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മുമ്പത്തേക്കാളുമേറെ ഗ്രൂപ്പ് വീഡിയോ കോളിങ് ആപുകൾക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്. സൂം, ഗൂഗ്ൾ മീറ്റ് തുടങ്ങിയ ആപുകളാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത്. ഇപ്പോൾ വാട്സ് ആപും ഗ്രൂപ്പ് വീഡിയോ കോളിങ്ങിനായി മെസഞ്ചർ റൂമുകൾ ആരംഭിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വാട്സ്ആപ് വെബിലാവും പുതിയ സേവനം ലഭ്യമാവുകയെന്ന് വാബീറ്റ ഇൻഫോയിൽ വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. വാബീറ്റ ഇൻഫോയിലൂടെ പുറത്ത് വന്ന ചിത്രങ്ങൾ പ്രകാരം ക്രിയേറ്റ് എ മെസഞ്ചർ റൂം എന്ന് ഓപ്ഷനും വാട്സ് ആപ് വെബിലുണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് വീഡിയോ കോൾ നടത്താം. ഒരേസമയം 50 പേർക്കാവും ഇതിന് അവസരമുണ്ടാവുക.
നേരത്തെ സൂം ഉൾപ്പടെയുള്ള ഗ്രൂപ്പ് വീഡിയോ ചാറ്റ് ആപുകൾ തരംഗമായെങ്കിലും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. സൂം സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
