Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെറുകിട കച്ചവടക്കാർക്ക് എ.ഐ കരുത്തുമായി വാട്സ്ആപ്; 'ബിസിനസ് എ.ഐ' ഇന്ത്യയിൽ അവതരിപ്പിച്ചു

text_fields
bookmark_border
ചെറുകിട കച്ചവടക്കാർക്ക് എ.ഐ കരുത്തുമായി വാട്സ്ആപ്; ബിസിനസ് എ.ഐ ഇന്ത്യയിൽ അവതരിപ്പിച്ചു
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്കും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 'ബിസിനസ് എ.ഐ' എന്ന പുതിയ ഫീച്ചർ വാട്സ്ആപ് അവതരിപ്പിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ ഫീച്ചർ വരുന്നതോടെ ബിസിനസ് സ്ഥാപനങ്ങൾക്ക് മറ്റു പ്ലാറ്റ്‌ഫോമുകളുടെ സഹായമില്ലാതെ തന്നെ വാട്സ്ആപ് ബിസിനസ് ആപിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ നൽകാൻ സാധിക്കും.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകാനും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ഉൽപ്പന്നങ്ങൾ വിൽക്കാനും ഈ സാങ്കേതികവിദ്യ ബിസിനസുകാരെ സഹായിക്കും. ഓരോ സ്ഥാപനത്തിന്റെയും ഉൽപ്പന്നങ്ങൾ, വിലവിവരങ്ങൾ, ഷിപ്പിങ് രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ഈ എ.ഐ സംവിധാനത്തെ പരിശീലിപ്പിക്കാൻ ഉടമകൾക്ക് സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷാഭേദങ്ങൾ പരിഗണിച്ച് രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും സംഭാഷണങ്ങൾ നടത്താൻ ഈ ബിസിനസ് എ.ഐക്ക് കഴിവുണ്ടെന്ന് വാട്സ്ആപ് വ്യക്തമാക്കി. ഇതിനുപുറമെ ചാറ്റുകൾക്കുള്ളിൽ തന്നെ യു.പി.ഐ വഴി പണമിടപാടുകൾ നടത്താനുള്ള സൗകര്യവും ഉടൻ ലഭ്യമാകും. എ.ഐ സംവിധാനമാണ് മറുപടി നൽകുന്നതെങ്കിലും അതിന്റെ പൂർണ്ണ നിയന്ത്രണം ബിസിനസ് ഉടമകൾക്കായിരിക്കും. ആവശ്യമുള്ള ഘട്ടങ്ങളിൽ എ.ഐയിൽ നിന്ന് സംഭാഷണങ്ങൾ നേരിട്ട് ഏറ്റെടുക്കാനും ഉടമകൾക്ക് സാധിക്കും. ഇന്ത്യയിലെ മുതിർന്നവരിൽ 91 ശതമാനം പേരും ആഴ്ചയിലൊരിക്കലെങ്കിലും ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങളുമായി വാട്സ്ആപിലൂടെ ചാറ്റ് ചെയ്യുന്നുണ്ടെന്ന പഠനറിപ്പോർട്ടുകൾക്കിടയിലാണ് ഈ പുതിയ മാറ്റം വരുന്നത്.

ചെറുകിട ബിസിനസുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഉപഭോക്തൃ ചോദ്യങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കാൻ ഈ പുതിയ നീക്കം സഹായിക്കുമെന്ന് മെറ്റ ഇന്ത്യയുടെ ബിസിനസ് മെസേജിങ് ഡയറക്ടർ രവി ഗാർഗ് പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട വ്യാപാരികൾക്ക് കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ എ.ഐ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗ്യരായ ബിസിനസുകൾക്ക് ആപിലെ 'ടൂൾസ്' ടാബിൽ പോയി 'യുവർ ബിസിനസ് എ.ഐ'എന്ന ഓപ്ഷനിലൂടെ ഈ സേവനം സജീവമാക്കാം. വരും ആഴ്ചകളിൽ ഇന്ത്യയിലുടനീളമുള്ള കൂടുതൽ ചെറുകിട സംരംഭങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WhatsApp empowers small-scale traders with AI; 'Business AI' launched in India
Next Story