മെസ്സി അടുത്ത കളിക്കിറങ്ങുമോ?; പരിശീലനത്തിനിറങ്ങിയതോടെ ചോദ്യവുമായി ആരാധകർ
text_fieldsഫ്ലോറിഡ: ഇന്റർ മയാമി ടീമിനൊപ്പം പുതിയ സീസണിലേക്കുള്ള പരിശീലനത്തിൽ ചേർന്നതോടെ ലയണൽ മെസ്സി അടുത്ത മത്സരത്തിൽ ഇറങ്ങുമോയെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കോപ അമേരിക്ക ഫൈനലിൽ കാലിന് പരിക്കേറ്റ് പിന്മാറിയ ശേഷം മെസ്സി ഇന്റർമിയാമി താരങ്ങൾക്കൊപ്പം ചേരുന്നത് ഇതാദ്യമാണ്. ചികാഗോയിൽ ശനിയാഴ്ച ഇന്റർ മിയാമിക്ക് മത്സരമുണ്ട്. ഇവിടെ മെസ്സി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
സെപ്റ്റംബർ 14നാണ് അടുത്ത മത്സരം. നാളെ കളിച്ചില്ലെങ്കിൽ രണ്ടാഴ്ച കൂടി വിശ്രമിച്ച് പൂർണ ആരോഗ്യം വീണ്ടെടുക്കാനാണ് സാധ്യത. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല.
ജൂലൈ 14ന് കൊളംബിയക്കെതിരായ കോപ ഫൈനലിൽ രണ്ടാം പകുതിയിലാണ് മെസ്സി പരിക്ക് കാരണം കളം വിട്ടത്. നിലവിൽ പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്നാണ് സൂചന. ഈ സീസണിൽ ഇന്റർ മിയാമിക്കൊപ്പം 12 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.

