വനിത ഹോക്കി ടീമിന് വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തി രത്ന വ്യാപാരി
text_fieldsന്യൂഡൽഹി: സ്വന്തം ജീവനക്കാർക്ക് വാരിക്കോരി സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകി ശ്രദ്ധേയനായ വ്യക്തിയാണ് ഗുജറാത്തിലെ രത്ന വ്യാപാരി സാവ്ജി ദോകിയ. ഇപ്പോൾ ഒളിമ്പിക്സ് ഹോക്കിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെമിയിലെത്തിയ ഇന്ത്യൻ വനിത ടീം അംഗങ്ങൾക്ക് വീടുവെക്കാൻ 11 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
രാജ്യത്തിനായി മെഡൽ നേടിയാൽ വീടുള്ള മറ്റ് ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന പുതു പുത്തൻ കാർ സമ്മാനിക്കുമെന്നും എച്ച്.കെ ഗ്രൂപ്പ് വാഗ്ദാനം ചെയ്തു. ദോകിയയുടെ അമേരിക്കയിലുള്ള സഹോദരനും ലക്ഷം രൂപ വീതം നൽകി ടീമിനെ ആദരിക്കാൻ തീരുമാനിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കരുത്തരായ ആസ്ട്രേലിയയെ 1-0ത്തിന് തറപറ്റിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിലെത്തിയത്. എന്നാൽ ബുധനാഴ്ച നടന്ന സെമിയിൽ ഇന്ത്യയെ 2-1ന് തോൽപിച്ച് അർജന്റീന മെഡൽ ഉറപ്പിക്കുകയായിരുന്നു. വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും.

