ഡേവിസ് കപ്പ്: പേസ് ടീമിൽ; ജയമകലെ ലോക റെക്കോഡ്
text_fieldsന്യൂഡൽഹി: ഒരുവർഷത്തെ ഇടവേളക്കുശേഷം ലിയാൻഡർ പേസ് ഡേവിസ് കപ്പ് ടെന്നിസിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏപ്രിൽ ആദ്യവാരം നടക്കുന്ന ഏഷ്യ-ഒാഷ്യാനിയ ഗ്രൂപ് ഒന്നിലെ മത്സരത്തിനുള്ള ടീമിലേക്കാണ് ലിയാൻഡർ പേസിനും ഇടം നൽകിയത്.
ടീമിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട രോഹൻ ബൊപ്പണ്ണയെയും ഉൾപ്പെടുത്തിയാണ് അഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചത്. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സുമിത് നഗൽ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.
ദിവിജ് ശരണിനെ റിസർവ് അംഗമായും ഉൾപ്പെടുത്തി. ഡേവിസ് കപ്പിൽ ഏറ്റവും കൂടുതൽ ജയം എന്ന ലോക റെക്കോഡ് സ്വന്തം പേരിെലഴുതാനുള്ള അവസരമാണ് ലിയാൻഡർ പേസിന്. 43 ജയവുമായി ഇറ്റലിയുടെ നികോള പീട്രാെങ്കലിക്കൊപ്പമാണ് പേസ്.
ഏപ്രിൽ ആറിന് ടിയാൻജിനിൽ നടക്കുന്ന മത്സരത്തിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. പേസിനൊപ്പം കളിക്കാൻ വിസമ്മതിച്ച ബൊപ്പണ്ണയെ ടെന്നിസ് അസോസിയേഷൻ വിമർശിച്ചു.
