നാഷൻസ് കപ്പ് ചെസ്: ചൈനക്ക് കിരീടം
text_fieldsലണ്ടൻ: കോവിഡ് കാലത്തെ കണ്ടുപിടിത്തമായ ഓൺലൈൻ നാഷൻസ് കപ്പ് ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനക്ക് കിരീടം. സൂപ്പർ ഫൈനലിൽ അമേരിക്കയുമായി സമനില പാലിച്ചെങ്കിലും റൗണ്ട് റോബിനിലെ ഒന്നാം സ്ഥാനത്തിെൻറ അടിസ്ഥാനത്തിൽ ചൈനയെ വിജയികളായി പ്രഖ്യാപിച്ചു. സൂപ്പർ ഫൈനലിലെ ആദ്യമത്സരത്തിൽ ടോപ് റേറ്റഡ് താരങ്ങളായ ഡിങ് ലെറനും, ഹികാരു നകാമുറയും സമനിലയിൽ പിരിഞ്ഞു.
പിന്നാലെ ഫാബിയാനോ കറൗണയിലൂടെ അമേരിക്ക ജയിച്ച് ലീഡ് നേടി. പക്ഷേ, അടുത്ത റൗണ്ടിൽ യു യാങ്യി ചൈനയെ ഒപ്പമെത്തിച്ചു. നാലാം റൗണ്ടിൽ നാലുവട്ടം വനിതാ ലോകകിരീടമണിഞ്ഞ ഹു യിഫാനെ, അമേരിക്കയുടെ ഐറിന ക്രഷ് സമനിലയിൽ തളച്ചു. ഇതോടെ ഇരു ടീമും 2-2ന് ഒപ്പത്തിനൊപ്പമായി.
1.80 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള പ്രഥമ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ചൈനക്ക് 48,000 ഡോളർ (36 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.
ആറ് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ യൂറോപ് (13 പോയൻറ്), റഷ്യ (8) ടീമുകൾക്ക് പിന്നിൽ അഞ്ചാം സ്ഥാനത്താണ് (5) ഇന്ത്യ.
