ഏഷ്യൻ റേസ് വാക്കിങ്: ഇർഫാന് വെങ്കലം
text_fieldsനോമി (ജപ്പാൻ): ഏഷ്യൻ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം കെ.ടി. ഇർഫാന് വെങ്കലം. പുരുഷവിഭാഗം 20 കി.മീ. നടത്തത്തിൽ ഒരു മണിക്കൂറും 20.59 മിനിറ്റുംകൊണ്ട് ഫിനിഷ് ചെയ്താണ് ഇർഫാൻ വെങ്കലമണിഞ്ഞത്. അഞ്ചു വർഷം മുമ്പ് കുറിച്ച ദേശീയ റെക്കോഡിൽനിന്ന് 38 സെക്കൻഡ് വ്യത്യാസത്തിലായതിനാൽ റെക്കോഡ് തിരുത്താനുള്ള അവസരം നഷ്ടമായി. കൊറിയയുടെ കിം യുൻ സബ് സ്വർണവും (1:19:50) കസാഖ്സ്താെൻറ ജോർജി സെഖിയോ വെള്ളിയും (1:20:47) നേടി. വനിതകളിൽ ഇന്ത്യയുടെ പ്രിയങ്ക നാലാം സ്ഥാനത്തായി.
2012 ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായി ദേശീയ റെക്കോഡ് സ്ഥാപിച്ചശേഷം പരിക്കുകാരണം നിറംമങ്ങിയ ഇർഫാെൻറ ഉജ്ജ്വല തിരിച്ചുവരവാണിത്. കഴിഞ്ഞ മാസം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ ഇർഫാൻ ആഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരുന്നു.
