ദേശീയ പഞ്ചഗുസ്തി: കേരള ടീമുകളെ ദമ്പതികൾ നയിക്കും
text_fieldsഎ.യു. ഷാജു, ഷെറീന
തൃശൂർ: ബംഗളൂരുവിൽ വ്യാഴാഴ്ച മുതൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിനുള്ള കേരള പുരുഷ, വനിത ടീമുകളെ തൃശൂരിൽനിന്നുള്ള അന്തർദേശീയ താരങ്ങളായ ദമ്പതികൾ നയിക്കും. പുരുഷ വിഭാഗം ടീമിനെ എ.യു. ഷാജുവും വനിത വിഭാഗത്തെ ഭാര്യ ഷെറീന ഷാജുവുമാണ് നയിക്കുന്നത്. മറ്റൊരു അന്തർദേശീയ താരം പി.എ. അബ്ദുൽ അസീസാണ് ടീം മാനേജർ. കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയവരാണ് ഷാജുവും ഷെറീനയും.
അന്തർദേശീയ താരങ്ങളായ സി.എസ്. ബിജു, വി.പി. മധു, ജഗതി, പ്രിൻസി ബിജു, ദേശീയ താരങ്ങളായ സാബു ഈപ്പൻ, എ.എസ്. മുഹമ്മദ് ഫായിസ്, എ.എച്ച്. ആദിൽ ഉമ്മൻ, റോയി പടവൻ, എ.ടി. ഹണി, ഫിസ, ഫിദ, ഷംസുദ്ദീൻ, അക്ബർ, സിദ്ദീഖ് എന്നിവരുൾപ്പെടെ 45 അംഗ ടീമാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.

