അവരില്ലെങ്കിൽ ഞാനില്ല; ഒളിമ്പിക് മെഡൽ അമ്മയുടെ കഴുത്തിലണിയിച്ച് മടിയിൽ തലചായ്ച്ച് മൻപ്രീത് സിങ്
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രം രചിച്ചിരുന്നു. വീരോചിത വരവേൽപാണ് ഓരോ ടീം അംഗത്തിനും അവരവരുടെ നാടുകളിൽ ലഭിച്ചത്.
ചരിത്ര വിജയത്തിന് ശേഷമുള്ള തങ്ങളുടെ പ്രതികരണങ്ങൾ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒളിമ്പിക് മെഡൽ അമ്മയുടെ കഴുത്തിൽ അണിയിച്ച് മടിയിൽ തല ചായ്ച്ച് കിടക്കുന്ന ചിത്രമാണ് നായകൻ മൻപ്രീത് സിങ് ട്വീറ്റ് ചെയ്തത്.
'അമ്മയുടെ ചിരി കാണുമ്പാൾ അവർ എന്നിൽ എത്ര അഭിമാനിക്കുന്നുവെന്ന് എനിക്ക് മനസിലാക്കാം. അത് എന്നിലും പുഞ്ചിരി വിടർത്തുന്നു. അവരില്ലാതെ ഇന്നെനിക്ക് ഇവിടെ വരെ എത്താൻ സാധിക്കുമായിരുന്നില്ല'-മൻപ്രീത് കുറിച്ചു.
മൻപ്രീതിന്റെ നായകത്വത്തിലിറങ്ങിയ ടീം ജർമനിയെ 5-4ന് തോൽപിച്ചാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം ഒളിമ്പിക്സിൽ മെഡൽ നേടുന്നത്.

