എട്ടങ്കം കഴിഞ്ഞു; ഇനി സെമി പോരാട്ടങ്ങൾ
text_fieldsലോകകപ്പ് സെമി ഫൈനലിൽ നാളെ അർജന്റീനയെ നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ക്രൊയേഷ്യയുടെ ലൂക മോഡ്രിചും ദെയാൻ ലോവ്റനും
ലോക കാൽപന്ത് മേളയുടെ പോരാട്ടഭൂമിയിൽ ക്വാർട്ടർ ഫൈനലുകൾക്ക് വിരാമമായപ്പോൾ പോർക്കളത്തിൽ ശേഷിക്കുന്നത് നാലു ടീമുകൾ മാത്രം. നിലവിലെ ജേതാക്കളായ ഫ്രാൻസ്, റണ്ണറപ്പുകളായ ക്രൊയേഷ്യ, മുൻ ചാമ്പ്യന്മാരായ അർജന്റീന, പുതുക്കക്കാരായ മൊറോക്കോ എന്നിവർ. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12.30ന് നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെയും ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോയെയും നേരിടും.
അവസാന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് മറികടന്നാണ് ഫ്രാൻസ് മുന്നേറിയത്.
ഓർലീൻ ഷൗമേനി (17), ഒളിവിയർ ജിറൂഡ് (78) എന്നിവർ ഫ്രാൻസിന്റെ ഗോൾ നേടിയപ്പോൾ 54ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത ഹാരി കെയ്ൻ മറ്റൊരു പെനാൽറ്റി പാഴാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
പോർചുഗലിനെ 1-0ന് മലർത്തിയടിച്ചാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായത്. കഴിഞ്ഞദിവസം ഷൂട്ടൗട്ടുകളിൽ ബ്രസീലിനെയും (4-2) നെതർലൻഡ്സിനെയും (4-3) മറികടന്ന് ക്രൊയേഷ്യയും അർജന്റീനയും സെമിയുറപ്പിച്ചിരുന്നു.

