ആരാധകർ ശാന്തരാകുന്നില്ല...
text_fieldsഅടിമാലി: ലോകകപ്പ് ഫുട്ബാളിന് നാലുനാൾ ബാക്കിനിൽക്കെ ഹൈറേഞ്ചിൽ ആരാധകർക്കിടയിൽ ആവേശം കത്തിക്കയറുന്നു. കൊച്ചി-ധനുഷ്കോടി പാതയോരത്ത് മൂന്നാർ, രണ്ടാംമൈൽ, അടിമാലി, ഇരുമ്പുപാലം, പത്താംമൈൽ തുടങ്ങി തോട്ടം, കാർഷിക മേഖലകളിലൊക്കെ ലയണൽ മെസി, റൊണാൾഡോ, നെയ്മർ തുടങ്ങി സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് കുട്ടികളും യുവാക്കളും മുതിർന്നവരും വീറും വാശിയും കൂട്ടുന്നു. മാനംമുട്ടി നിൽക്കുന്ന റൊണാൾഡോയുടെ കട്ടൗട്ടിന് മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് ആരാധകരുടെ മറുപടി. എന്നാൽ, ഇതിനെയെല്ലാം കടത്തിവെട്ടുന്ന നെയ്മറുടെ കട്ടൗട്ട് അണിയറയിൽ ഒരുങ്ങുന്നു എന്നാണ് ബ്രസീൽ ആരാധകർ പറയുന്നത്.
വലിയ സ്ക്രീനിൽ കളികാണാനുള്ള സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്. കൊട്ടും പാട്ടുമായി ആഘോഷത്തോടെയാണ് ടൗൺ അലങ്കരിക്കുന്നത്. ഇത്ര കളിയാവേഷം ജില്ലയിൽ അപൂർവമാണ്. പൂത്തിരിയും പടക്കവും കത്തിച്ചാണ് കട്ടൗട്ടുകൾ സ്ഥാപിക്കുന്നത്.

