യൂറോ യോഗ്യത: ഡച്ച് ടീമിൽ വൈറൽബാധ, അഞ്ച് താരങ്ങളെ നാട്ടിലേക്കയച്ചു
text_fieldsപാരിസ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിന് മുമ്പ് നെതർലൻഡ്സ് ടീമിൽ വൈറൽ ബാധ. അഞ്ച് താരങ്ങളെ നാട്ടിലേക്കയച്ചു. കോഡി ഗാക്പോ, മത്തിയിസ് ഡി ലിറ്റ്, സ്വൻ ബോട്മാൻ, ജോയ് വീർമാൻ, ബാർട് വെർബ്രുഗൻ എന്നിവരാണ് പരിശീലന ക്യാമ്പ് വിട്ടത്. എന്ത് രോഗമാണ് ബാധിച്ചതെന്ന് ഡച്ച് ഫുട്ബാൾ ഫെഡറേഷൻ വെളിപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1.15ന് പാരിസിലെ സ്റ്റഡ് ഡി ഫ്രാൻസിൽ ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനെയാണ് ഓറഞ്ചുപട നേരിടുന്നത്. തിങ്കളാഴ്ച സ്വന്തം നാട്ടിൽ ജിബ്രാൾട്ടറിനെയും നേരിടുന്നുണ്ട്. ഫ്രാങ് ഡി ജോങ്ങും സ്റ്റീവൻ ബെർഗ്വിനും പരിക്ക് കാരണം കളിക്കുന്നില്ല. നെതർലൻഡ്സ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചു വന്ന റൊണാൾഡ് കോമാന്റെ ആദ്യ മത്സരമാണ് ഫ്രാൻസിനെതിരായുള്ളത്.

