Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റ മത്സരത്തിൽ 51 ചുവപ്പുകാർഡുകൾ! ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് ബ്രസീലിലെ കൂട്ടത്തല്ല്, വീഡിയോ വൈറൽ

text_fields
bookmark_border
ഗോൾ ആഘോഷത്തിനിടെ തുടങ്ങിയ തർക്കം കൂട്ടത്തല്ലായി മാറിയതോടെ കളിക്കാരും പരിശീലകരും കൂട്ടത്തോടെ പുറത്തായി. സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.
ഒറ്റ മത്സരത്തിൽ 51 ചുവപ്പുകാർഡുകൾ! ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് ബ്രസീലിലെ കൂട്ടത്തല്ല്, വീഡിയോ വൈറൽ
cancel

ബ്രസീൽ: ഫുട്ബാൾ മത്സരത്തിനിടെ ചുവപ്പുകാർഡ് ലഭിച്ച് ഒന്നോ രണ്ടോ താരങ്ങൾ പുറത്താകുന്നത് പതിവാണ്. എന്നാൽ, ഒറ്റ മത്സരത്തിൽ 51 പേർക്ക് ചുവപ്പുകാർഡ് ലഭിച്ചാലോ? ബ്രസീലിലെ അണ്ടർ-20 ഫുട്ബാൾ ചാമ്പ്യൻഷിപ്പിലാണ് കളിക്കളത്തെ യുദ്ധക്കളമാക്കിയ അസാധാരണ സംഭവം അരങ്ങേറിയത്. താരങ്ങളും പരിശീലകരും ഉൾപ്പെട്ട കൂട്ടത്തല്ലിനൊടുവിൽ 51 പേരെ പുറത്താക്കിയതോടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചുവപ്പുകാർഡുകൾ ലഭിച്ച മത്സരമെന്ന റെക്കോഡും പിറന്നു.

ബ്രസീലിലെ മിനാസ് ജെറൈസ് സംസ്ഥാന അണ്ടർ-20 രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ് സെമി ഫൈനലിൽ ഉബർലാൻഡിയയും മമോറെയും തമ്മിലുള്ള മത്സരമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഉബർലാൻഡിയയിലെ പാർക്കെ ഡോ സാബിയ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മമോറെ 3-1ന് മുന്നിലെത്തിയതിന് പിന്നാലെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മൂന്നാം ഗോൾ നേടിയതിന്റെ ആഘോഷത്തിനിടെ മമോറെ താരം ഡേവി എതിർ ടീമിന്റെ ബെഞ്ചിന് നേരെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതാണ് സംഭവങ്ങളുടെ തുടക്കം.

ഇതിൽ പ്രകോപിതനായ ഉബർലാൻഡിയയുടെ ഗോൾകീപ്പിങ് പരിശീലകൻ പൗലോ സെർജിയോ ഡയസ് ഡോസ് സാന്റോസ് മൈതാനത്തിറങ്ങി താരത്തെ നേരിട്ടതോടെ വാക്കേറ്റം കൈയാങ്കളിയായി. പിന്നാലെ ഇരുടീമുകളിലെയും താരങ്ങളും പകരക്കാരും പരിശീലകസംഘത്തിലെ അംഗങ്ങളും സംഘർഷത്തിൽ പങ്കുചേർന്നു.

താരങ്ങൾ പരസ്പരം മർദിക്കുന്നതിന്റെയും കസേരകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പന്തെടുത്തുനൽകുന്ന ആറ് ജീവനക്കാരും സംഘർഷത്തിൽ പങ്കെടുത്തതായി റഫറിയുടെ റിപ്പോർട്ടിൽ പറയുന്നു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പ്രാദേശിക സൈനിക പൊലീസിനെ വിളിച്ചുവരുത്തി. സംഘർഷത്തെത്തുടർന്ന് 40 മിനിറ്റോളം കളി തടസ്സപ്പെട്ടു. സ്റ്റേഡിയത്തിലെ വാതിലുകളും ജനലുകളും ഫർണിച്ചറുകളും ശുചിമുറി സംവിധാനങ്ങളും ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

43 താരങ്ങൾ ഉൾപ്പെടെ 51 പേർ പുറത്ത്

മത്സരം നിയന്ത്രിച്ച റഫറി ഫെർണാണ്ടോ പാട്രിക് ഡ്രോസ്ഗിക് മൊഡെസ്റ്റോയുടെ റിപ്പോർട്ട് പ്രകാരം 43 കളിക്കാരും പരിശീലകസംഘത്തിലെ എട്ട് അംഗങ്ങളുമാണ് ചുവപ്പുകാർഡിന് അർഹരായത്. സംഘർഷത്തിന് മുമ്പുതന്നെ മൂന്ന് താരങ്ങൾ പുറത്തായിരുന്നു. കൂട്ടത്തല്ലിൽ പങ്കെടുത്ത 48 പേർക്കുകൂടി ചുവപ്പുകാർഡ് രേഖപ്പെടുത്തിയതോടെയാണ് ആകെ എണ്ണം 51 ആയത്. ഇതിനുപുറമെ രണ്ട് ക്ലബ് ഭാരവാഹികളെയും ഉൾപ്പെടുത്തി പുറത്താക്കപ്പെട്ടവരുടെ എണ്ണം 53 ആണെന്ന് ചില ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2011ൽ അർജന്റീനയിലെ അഞ്ചാം ഡിവിഷൻ മത്സരത്തിൽ ക്ലേപോളും വിക്ടോറിയാനോ അരീനസും ഏറ്റുമുട്ടിയപ്പോൾ 36 പേർ പുറത്തായതായിരുന്നു ഗിന്നസ് വേൾഡ് റെക്കോഡിൽ രേഖപ്പെടുത്തിയിരുന്ന മുൻ നേട്ടം. ബ്രസീലിലെ സംഭവത്തോടെ ആ റെക്കോഡും മറികടന്നു.

സംഘർഷത്തെത്തുടർന്ന് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽനിന്ന് ഉബർലാൻഡിയ പിന്മാറി. ചുവപ്പുകാർഡുകൾ കാരണം മമോറെ ടീമിൽ മത്സരിക്കാൻ ഏഴ് താരങ്ങൾ മാത്രമാണ് ശേഷിച്ചതെന്നും ഫെയർപ്ലേയുടെ ഭാഗമായാണ് പിന്മാറ്റമെന്നും ക്ലബ് വിശദീകരിച്ചു. ഇതോടെ മമോറെ ഫൈനലിലേക്ക് മുന്നേറി.

ഫുട്ബാളിൽ അച്ചടക്കനടപടികളുടെ ചരിത്രത്തിൽ അപൂർവമായ സംഭവമായി മാറിയ കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 51 Red Cards in Brazil Football Match, World Record Broken
Next Story