കോഹ്ലി, രോഹിത് എന്നിവർക്കൊപ്പം സഞ്ജുവും; ഇഷ്ടപ്പെട്ട ബാറ്റർമാരെ കുറിച്ച് റിക്കി പോണ്ടിങ്
text_fieldsഇഷ്ടപ്പെട്ട ഇന്ത്യൻ ബാറ്റർമാരെ തെരഞ്ഞെടുത്ത് മുൻ ആസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ഇന്ത്യൻ ബാറ്റർമാരെ തെരഞ്ഞെടുക്കുകയായിരുന്നു പോണ്ടിങ്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെട്ട ലിസ്റ്റിൽ സഞ്ജു സാംസണിന്റെ പേര് റിക്കി പോണ്ടിങ് എടുത്ത് പറയുന്നുണ്ട്.
'ഒരുപാട് ഇന്ത്യൻ ബാറ്റർമാരെ എനിക്ക് ഇഷ്ടമാണ്, രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവരൊക്കെയാണ് ആ താരങ്ങൾ. സഞ്ജു സാംസൺ എന്നൊരു താരമുണ്ട് . നിങ്ങൾ എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എനിക്ക് അവന്റെ ബാറ്റിങ് കാണുന്നത് എനിക്ക് ഇഷ്ടമാണ്. അതുപോലെ ട്വന്റി-20 ക്രിക്കറ്റിൽ അവന്റെ ശൈലിയും ഇഷ്ടമാണ്,' പോണ്ടിങ് പറഞ്ഞു.
നാസെർ ഹുസൈനുമായി സ്കൈ സ്പോർട്സിൽ ഒരു ചർച്ചക്കിടയിലാണ് പോണ്ടിങ് ഇക്കാര്യം പറയുന്നത്. രോഹിത് ശർമയാണ് ഹുസൈന് ഇഷ്ടപ്പെട്ട താരം.
ഈയിടെ ബംഗ്ലാദേശിനെതിരെ നടന്ന ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ആദ്യ ട്വന്റി-20 സെഞ്ച്വറി തികച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി-20 പരമ്പരയിലും സഞ്ജു തന്നെയായിരിക്കും ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ.

