Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജിത് അഗാർക്കർക്ക് പകരക്കാരൻ; പ്രഗ്യാൻ ഓജ ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ, പാനലിൽ ഇടം പിടിച്ച് രമേശ് പവാറും

text_fields
bookmark_border
Former Indian spinner Pragyan Ojha taking charge as the chairman of the BCCI mens selection committee
cancel

മുംബൈ: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി മുൻ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ചെയർമാന്റെ നിയമനം. അഞ്ചംഗ സെലക്ഷൻ പാനലിലെ ഒഴിവിലേക്ക് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രമേശ് പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിലെ സീനിയോറിറ്റി പരിഗണിച്ചാണ് ഓജയെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായി ചുമതലപ്പെടുത്തിയത്. ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രാത്ര എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. അശോക് മൽഹോത്ര, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി) അപേക്ഷകരെ ബിസിസിഐ ആസ്ഥാനത്തു നേരിട്ടു സ്ക്രീനിംഗും അഭിമുഖവും നടത്തിയാണു പവാറിനെ പാനലിലേക്ക് ഐകകണ്ഠ്യേന ശുപാർശ ചെയ്തത്.

അഗാർക്കറുടെ രാജിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റി തലപ്പത്ത് ആരെത്തുമെന്നതിനെച്ചൊല്ലി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒഴിവുള്ള സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫറും അപേക്ഷ സമർപ്പിച്ചിരുന്നു. ടെസ്റ്റ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ 31 ടെസ്റ്റുകൾ കളിച്ച ജാഫറിന് 24 ടെസ്റ്റുകൾ കളിച്ച ഓജയേക്കാൾ മുൻഗണന ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ബിസിസിഐ പുറത്തുവിട്ട ഔദ്യോഗിക പ്രഖ്യാപനത്തിൽ ഓജയെ ചെയർമാനായി സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും 6 ട്വന്റി20 മത്സരങ്ങളിലും ജഴ്സിയണിഞ്ഞ പ്രഗ്യാൻ ഓജ ടെസ്റ്റിൽ നിന്ന് 113 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് നിരയിലെ സജീവ സാന്നിധ്യമായിരുന്നു.

ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും പവാർ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പരിശീലകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇന്ത്യൻ വനിതാ ടീം, മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ചു. ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബൗളിങ് കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പവാർ പരിശീലകനായിരിക്കെയാണ് ഇന്ത്യൻ വനിതാ ടീം ഏഷ്യ കപ്പ് കിരീടവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡലും നേടിയത്. ഈ അന്താരാഷ്ട്ര പരിശീലന പരിചയസമ്പത്ത് സെലക്ഷൻ പാനലിന് കരുത്താകും. സിഎസിയുടെ ശുപാർശയോടെ രമേശ് പവാർ കൂടി എത്തിയതോടെ മൂന്ന് ഫോർമാറ്റുകളിലേക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന അഞ്ചംഗ സെലക്ഷൻ സമിതി പൂർണ്ണമായി.

സ്ഥാനമൊഴിഞ്ഞ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ സംഭാവനകൾക്ക് ബിസിസിഐ നന്ദി രേഖപ്പെടുത്തി. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറുടെ കാലാവധിയിൽ മൂന്ന് ഐസിസി ട്രോഫികൾ, രണ്ട് ഏഷ്യ കപ്പ് കിരീടങ്ങൾ, ഏഷ്യൻ ഗെയിംസിലെ ബാക്ക്-ടു-ബാക്ക് സ്വർണമെഡലുകൾ എന്നിവ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

പുരുഷ ടീം സെലക്ഷൻ കമ്മിറ്റി:പ്രഗ്യാൻ ഓജ (ചെയർപേഴ്സൺ), ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രാത്ര, രമേശ് പവാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pragyan Ojha Appointed Indian Cricket Selection Committee Chairman
Next Story