രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി; കീവീസ് ജയം 76 റൺസിന്
text_fieldsഅഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. 76 റൺസിനാണ് കീവീസിന്റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 183 റൺസിന് പുറത്തായി. ഒൻപതാം വിക്കറ്റിൽ രാധ യാദവും (48), സൈമ ഠാക്കൂറും (29) നടത്തിയ ചെറുത്ത് നിൽപ്പാണ് തോൽവിയുടെ ആഘാതം കുറച്ചത്. സൂപ്പർ ബാറ്റർ സ്മൃതി മന്ദാന റൺസൊന്നും എടുക്കാതെ മടങ്ങിയപ്പോൾ ഷഫാലി വർമ (11), യാസ്തി ഭാട്ടിയ (12), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24) റൺസെടുത്ത് പുറത്തായി.
79 റൺസും മൂന്ന് വിക്കറ്റുമെടുത്ത ക്യാപ്റ്റൻ സോഫി ഡിവൈന്റെ ഓൾറൗണ്ട് പ്രകടനമാണ് കീവീസ് ജയം അനായാസമാക്കിയത്. ന്യൂസിലാൻഡ് ഓപണർ സൂസി ബെറ്റ്സ് 58 ഉം ജോർജിയ പ്ലിമർ 41 ഉം മാഡി ഗ്രീൻ 42 ഉം റൺസെടുത്തു. ഇന്ത്യയുടെ രാധ യാദവ് നാല് വിക്കറ്റ് വീഴ്ത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ 59 റൺസിന് വിജയിച്ചിരുന്നു.

