Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സുതാര്യതയില്ല, മുഹമ്മദ് ഷമിയെ ഒഴിവാക്കുന്നതിന്‍റെ കാരണം തുറന്നുപറയണം...; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

text_fields
bookmark_border
‘സുതാര്യതയില്ല, മുഹമ്മദ് ഷമിയെ ഒഴിവാക്കുന്നതിന്‍റെ കാരണം തുറന്നുപറയണം...; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം
cancel

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലെടുക്കാതെ തഴയുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മുഹമ്മദ് കൈഫ്. സെലക്ടർമാർ കൂടുതൽ സുതാര്യത പുലർത്തണമെന്നും ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും കൈഫ് ആവശ്യപ്പെട്ടു.

ന്യൂസിലൻഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലും ഷമിയെ ഉൾപ്പെടുത്തിയിരുന്നില്ല. 15 അംഗ ടീമിനെ കഴിഞ്ഞദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും അഞ്ച് ട്വന്‍റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. എന്നാൽ പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളും ദേശീയ ടീമിനായി മുമ്പ് നടത്തിയ നിർണായക സംഭാവനകളും കണക്കിലെടുക്കുമ്പോൾ ഷമിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് ആവശ്യം.

2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷമിയെന്ന് കൈഫ് ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി താരം ടൂർണമെന്റിൽ ഏറ്റവു കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി. ‘ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല. ബി.സി.സി.ഐ സെലക്ടർമാരാണെങ്കിൽ കാരണം വിശദീകരിക്കുന്നുമില്ല. ഉത്തരവാദിത്തബോധവും സുതാര്യതയും ഉണ്ടാകണം. 2023 ലോകകപ്പിലെ താരമായ മുഹമ്മദ് ഷമിയുടെ കാര്യമാണ് ഇവിടെ പറയുന്നത്. ഷമി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഫൈനലിലെത്തുമായിരുന്നില്ല’ -കൈഫ് പറഞ്ഞു.

ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമി ടീമിലെത്തുന്നത്. ആറാമത്തെ ബൗളറുടെ അഭാവം ഇന്ത്യ അന്ന് അറിഞ്ഞില്ല. ഷമി ഇല്ലായിരുന്നെങ്കിൽ ആറാമത്തെ ബൗളിങ് ഓപ്ഷനായി ഇന്ത്യ മറ്റൊരു താരത്തെ തേടേണ്ടിവരുമായിരുന്നു. അഞ്ച് ബൗളർമാരെ മാത്രം ഉപയോഗിച്ചാണ് രോഹിത് ശർമ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. കാരണം, പകരക്കാരനായി ഷമി ടീമിലുണ്ടായിരുന്നുവെന്നും ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസിനോട് കൈഫ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലും ഷമി മികച്ച പ്രകടനം തുടരുകയാണെന്നും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് അദ്ദേഹം തീർത്തും അർഹനാണെന്നും താരം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പിച്ചുകളിൽ ഷമി 22-23 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് സുതാര്യമായി വ്യക്തമാക്കണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും വിക്കറ്റുകൾ നേടുന്നുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു. 2025 മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിനുവേണ്ടിയാണ് ഷമി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. 2023 ജൂണിൽ ആസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. ആഭ്യന്തര മത്സരങ്ങളിൽ ഷമി ചെറിയ ഇടവേളകളിലുള്ള ബൗളിങ് സ്പെല്ലുകളാണ് എറിയുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താരത്തെ ഒഴിവാക്കുന്നതെന്ന് ചർച്ചയുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയും നാല് ഓവർ വീതമുള്ള സ്പെല്ലുകളാണ് എറിയുന്നത്. ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിച്ചിരുന്നു. ശുഭ്മൻ ഗില്ലും അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയതെന്നും കൈഫ് പ്രതികരിച്ചു.

കീവീസ് പര്യടനത്തിനുള്ള ടീമിൽ ഷമിയെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മാറിയതിന് പിന്നാലെ, നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് തിരിച്ചെത്തിയത്. സെലക്ഷൻ കമ്മിറ്റിയിലെ മാറ്റം ഷമിക്കും അവസരമൊരുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രഗ്യാൻ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ഷമിയെ പരിഗണിച്ചില്ല. കഴിഞ്ഞയാഴ്ച കല്യാണിയിൽ ഡൽഹിക്കെതിരെ നടന്ന ബംഗാളിന്റെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഷമി മികവ് തെളിയിച്ചിരുന്നു. അഗാർക്കറിന്‍റെ കാലയളവിൽ ഫിറ്റ്നസിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്നത്. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ താൻ ശാരീരികമായി സജ്ജനാണെന്ന് ഷമി നിരന്തരം വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ex-India cricketer seeks clarity over Mohammed Shami’s continued omission
Next Story