‘പുഷ്പ 2’നുള്ള കാത്തിരിപ്പിൽ ഡേവിഡ് വാർണറും സുരേഷ് റെയ്നയും; പോസ്റ്റർ പങ്കുവെച്ച് താരങ്ങൾ
text_fieldsമുംബൈ: അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2: ദ റൂൾ’ സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന്റെ ടീസർ ഏപ്രിൽ എട്ടിന് അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങുമെന്നും സ്വാതന്ത്ര്യ ദിനത്തിലായിരിക്കും സിനിമയുടെ റിലീസെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സൂപ്പർ ഹിറ്റായ ഒന്നാം ഭാഗം ‘പുഷ്പ, ദ റൈസി’ലെ പ്രകടനത്തിന് അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു. ഇതിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആക്ഷനുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. നിരവധി ക്രിക്കറ്റ് താരങ്ങളും ഇതിലെ അല്ലു അർജുന്റെ ആക്ഷൻ അനുകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുമെല്ലാം ഇതിൽ ഉൾപ്പെടും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടിരിക്കുകയാണ് ഇരുവരും. അണിയറ പ്രവർത്തകർ വെള്ളിയാഴ്ച പുറത്തുവിട്ട പുതിയ പോസ്റ്ററടക്കമാണ് താരങ്ങൾ പങ്കുവെച്ചത്.
‘പുഷ്പ’യുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

