ബാഡ്മിന്റനിൽ മികച്ച നേട്ടം; പിന്നാലെ പ്രണോയ്ക്ക് പ്രണയ സാഫല്യവും
text_fieldsതിരുവനന്തപുരം: മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകൾ ശ്വേതയാണ് വധു. തിരുവനന്തപുരം ആക്കുളത്ത് സുനിൽ കുമാർ-ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീർഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിലെത്തിയത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ്രജിസ്ട്രാർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് അരീനയിൽ വൈകീട്ട് അഞ്ചു മുതൽ വിവാഹസൽക്കാരം നടക്കും. ബാഡ്മിന്റൺ ടൂർ സീരീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക റാങ്കിങ്ങിൽ രണ്ടു പടവുകയറി പ്രണോയ് 16ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിലെ പ്രണോയ്യുടെ ഏറ്റവും മികച്ച റാങ്കാണിത്. ബാഡ്മിന്റനിൽ മികച്ച നേട്ടം കൈവരിച്ച ശേഷം മാത്രമാകും വിവാഹമെന്ന നിലപാടിലായിരുന്നു പ്രണോയ്. അതു സാധിച്ചതിലെ സന്തോഷത്തിലാണ് അദ്ദേഹം വിവാഹിതനായത്.

