ഗർബ നൃത്തം ചെയ്ത് മംദാനി; ന്യൂയോർക്കിലെ നവരാത്രി ആഘോഷത്തിന്റെ വിഡിയോ വൈറൽ
text_fieldsനവരാത്രി ആഘോഷ്തതിൽ പങ്കെടുക്കുന്ന മംദാനി
ന്യൂയോർക്ക്: നവരാത്രി ആഘോഷത്തിൽ ഗർബ നൃത്തം ചെയ്ത് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ആഘോഷത്തിൽ പങ്കെടുത്ത് നൃത്തച്ചുവടുകൾ വെച്ച മംദാനി ക്ഷേത്രത്തിലെ പുരോഹിതനിൽനിന്ന് അനുഗ്രഹവും വാങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ട്രിഷ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ ഗർബ നൃത്തത്തിന് മംദാനിയും ചുവടുവെക്കുന്നത് കാണാം. ആഘോഷത്തിനായി പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണത്തോടൊപ്പം കഴുത്തിൽ ദുപ്പട്ടയും അദ്ദേഹം അണിഞ്ഞിട്ടുണ്ട്.
മറ്റൊരു വിഡിയോയിൽ ക്ഷേത്രത്തിലെ പുരോഹിതനിൽനിന്ന് മംദാനി അനുഗ്രഹം തേടുന്നതും കാണാം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സമൂഹം ഒത്തുചേർന്ന ചടങ്ങിലായിരുന്നു അദ്ദേഹം പങ്കെടുത്തത്.
നവരാത്രി ആശംസകളും മംദാനി അറിയിച്ചു. ഉത്സവകാലം ആത്മപരിശോധനയുടെയും തിരിച്ചുവരവിന്റെയും സമയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിവിധ ഹിന്ദു സമൂഹങ്ങൾ വ്യത്യസ്ത ആചാരങ്ങളോടെയാണ് ഈ ആഘോഷങ്ങൾ നടത്തുന്നത്.
അതേസമയം, എക്സിൽ പങ്കുവെച്ച കുറിപ്പിൽ നവരാത്രിയിൽ ദുർഗാദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ ആചാരങ്ങളെക്കുറിച്ച് മംദാനി പരാമർശിച്ചു. ഗർബ നൃത്തം, ദുർഗാദേവിയോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന സിന്ദൂർ ഖേല, തിലകം സ്വീകരിക്കൽ, വീടുകളിൽ ഗോലു ഒരുക്കൽ തുടങ്ങിയ ആചാരങ്ങളെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്.
'ഈ ആഴ്ച നമ്മുടെ ഹിന്ദു അയൽക്കാർ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദുർഗാദേവിയെ ആരാധിക്കുന്നു. അവർ ഗർബ നൃത്തം ചെയ്യും, സിന്ദൂർ ഖേലയിലൂടെ ദേവിയെ ആരാധിക്കും, മുതിർന്നവരിൽനിന്ന് തിലകം സ്വീകരിക്കും, വീടുകളിൽ ഗോലു ഒരുക്കും, കൂടാതെ മറ്റു പല ആചാരങ്ങളും അനുഷ്ഠിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ദുർഗാപൂജ, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഹിന്ദു സംഘടനകൾ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ നടക്കുന്നത്.

