സന്ദർശകർക്ക് മുമ്പിൽ കുഞ്ഞിനെ പ്രദർശിപ്പിക്കുന്ന ഗൊറില്ലയുടെ വിഡിയോ വൈറൽ
text_fieldsകനഡയിലെ മൃഗശാലയിൽ സന്ദർശകർക്ക് മുന്നിൽ തന്റെ കുഞ്ഞിനെ കാണിക്കുന്ന പെൺ ഗൊറില്ലയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 1994ലെ ആനിമേഷൻ ചിത്രമായ ദി ലയൺ കിംഗിലെ ഒരു ജനപ്രിയ രംഗം ഓർമിപ്പിക്കുന്നതാണിത്. കാനഡയിലെ കാൽഗറി മൃഗശാലയിൽനിന്നുള്ള വിഡിയോ 'വൈറൽഹോഗ്' ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'അഭിമാനിയായ അമ്മ കാൽഗറി മൃഗശാലയിൽ തന്റെ കുഞ്ഞിനെ കാണിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനകം വിഡിയോ ലക്ഷത്തിലധികം പേരാണ് കണ്ടത്.
വിഡിയോയിൽ ഗൊറില്ല കുഞ്ഞിനെ ചുംബിക്കുന്നതും ലാളിക്കുന്നതും കാണാം. ഇതിന്റെ പെരുമാറ്റം മനുഷ്യരെപ്പോലെയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മൃഗങ്ങളെ കൂട്ടിൽ നിർത്തുന്നതിനെ എതിർത്ത് കമന്റിടുന്നവരും ഏറെയാണ്.
കഴിഞ്ഞ മാസം ഗൊറില്ല സൈക്കിൾ ചവിട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഐ.എഫ്.എസ് ഓഫിസർ ഡോ. സാമ്രാട്ട് ഗൗഡയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

