ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; വൈറലായി വിഡിയോ
text_fieldsകോയമ്പത്തൂർ: ആയുധപൂജയ്ക്ക് ആരതി ഉഴിയുന്നതും കർപ്പൂരം കത്തിക്കുന്നതും സാധാരണ കാഴ്ചയാണ്. എന്നാൽ, ഇതെല്ലാം ചെയ്യുന്നത് റോബോട്ടുകളാണെങ്കിലോ? പരമ്പരാഗത വിശ്വാസവും ആധുനിക സാങ്കേതികവിദ്യയും കൈകോർത്ത ഈ കാഴ്ചയാണ് തമിഴ്നാട്ടിൽ കൗതുകമാകുന്നത്.
എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ ആരതി ഉഴിയുകയും കർപ്പൂരം കത്തിക്കുകയും ധൂപം അർപ്പിക്കുകയും ചെയ്ത കാഴ്ചയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കോയമ്പത്തൂരിലെ ആർ.എസ് പുരത്തുള്ള ഒരു റോബോട്ടിക്സ് കമ്പനിയിൽ നടന്ന ആയുധപൂജാ ചടങ്ങിലാണ് വ്യത്യസ്തമായ ഈ കാഴ്ചയൊരുങ്ങിയത്.
ദൈനംദിന ജീവിതത്തിലും തൊഴിൽമേഖലകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവയെ പൂജിക്കുന്നതാണ് ആയുധപൂജയുടെ പരമ്പരാഗത രീതി. എന്നാൽ, കോയമ്പത്തൂരിൽ പൂജയുടെ ഭാഗമായി മനുഷ്യനിർമിത റോബോട്ടുകളാണ് ചടങ്ങിൽ സജീവമായത്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത റോബോട്ടും ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മറ്റൊരു റോബോട്ടുമാണ് ഇവ. സാധാരണയായി മനുഷ്യർ ചെയ്യുന്ന ആചാരങ്ങൾ റോബോട്ടുകൾ നിർവഹിച്ചതാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്.
റോബോട്ടുകളുടെ സ്പെയർപാർട്സുകളും ചടങ്ങിൽ പൂജിച്ചു. തൊഴിലുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ആരാധിക്കുന്ന പതിവ് കൃത്രിമബുദ്ധിയിലും റോബോട്ടിക്സിലും അധിഷ്ഠിതമായ യന്ത്രങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഉദാഹരണമാണ് ചടങ്ങ്.
വ്യാവസായിക മേഖലയിലും ഫാക്ടറികളിലും മാത്രം ഒതുങ്ങിനിൽക്കാതെ, നിത്യജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ കടന്നുവരുന്ന കാലത്ത്, പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും ഒരുമിച്ച കാഴ്ചയായി ഈ ആയുധപൂജ മാറി. റോബോട്ടുകൾ പൂജാചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വിഡിയോ നിരവധി പേരാണ് കണ്ടത്.

