സുകുമാര കുറുപ്പ് ഞാനല്ല, ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത് -മന്ത്രി
text_fieldsദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ കുറുപ്പ് തീയറ്ററുകളിൽ എത്തിയത് മുതൽ കുപ്രസിദ്ധ ക്രിമിനൽ സുകുമാര കുറുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഏറെ വന്നിരുന്നു. സുകുമാര കുറുപ്പുമായി രൂപ സാദൃശ്യമുള്ള ആളുകളെക്കുറിച്ചുള്ളതായിരുന്നു ഇവയിൽ പലതും. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പൊലീസ് അന്വേഷണവും ഉണ്ടായി. ഇതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് സുകുമാര കുറുപ്പിന്റെ ഛായയുണ്ടെന്ന തരത്തിൽ പ്രചാരണം തുടങ്ങിയത്.
സുകുമാര കുറുപ്പിന്റെയും മന്ത്രിയുടെയും ചിത്രം ചേർത്താണ് ഇത് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിനെതിരെ മന്ത്രി തന്നെ രംഗത്തു വന്നിരിക്കുകയാണ്. 'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്' -എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞിരിക്കുന്നത്.
എവിടെയോ എന്തോ തകരാറു പോലെ എന്ന ട്രോളിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചാണ് പരിഹാസത്തിന് മന്ത്രി മറുപടി നൽകിയിരിക്കുന്നത്.

