ശാരീരിക വെല്ലുവിളി നേരിടുന്ന ആരാധകനെ വാരിയെടുത്ത് വിജയ്; ചിത്രം വൈറൽ
text_fieldsദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിലൊരാളാണ് തമിഴ് നടൻ വിജയ്. 'വിജയ് മക്കൾ ഇയക്കം' എന്ന പേരിൽ അദ്ദേഹത്തിന് ഫാൻസ് അസോസിയേഷനും പ്രവർത്തിക്കുന്നുണ്ട്. അരാധകർക്കായി ഏറെ സമയം നീക്കിവയ്ക്കുന്ന ആൾകൂടിയാണ് അദ്ദേഹം. സമയം കിട്ടുമ്പോഴൊെക്ക ആരാധകരുടെ സംഗമങ്ങളും നടൻ സംഘടിപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മൂന്ന് ജില്ലയിലെ വിജയ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. അരിയല്ലൂർ, പേരാംബലൂർ ഉൾപ്പടെ ജില്ലകളിലെ ആരാധകരാണ് പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസുകളിൽ ഒത്തുചേർന്നത്. ആയിരത്തോളംപേരാണ് ഈ സംഗമത്തിന് എത്തിയത്.
സംഗമത്തിൽ ആരാധകർക്കൊപ്പം പോസ് ചെയ്ത വിജയ്യുടെ ഫൊട്ടൊകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു ആരാധകനെ എടുത്തുകൊണ്ടാണ് വിജയ് ചിത്രത്തിനായി പോസ് ചെയ്തത്. ഈ ചിത്രം വിജയ് മക്കൾ ഇയക്കം നേതാവ് ബുസ്സി ആനന്ദ് ഷെയർ ചെയ്യുകയായിരുന്നു.
ഉടൻതന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. വിജയ്യുടെ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകൾ ഈ ചിത്രത്തിനു താഴെ നിറയുന്നുണ്ട്. പൊങ്കൽ റിലീസിനെത്തുന്ന 'വരിസാ'ണ് വിജയ്യുടെ ഏറ്റവും പുതിയ ചിത്രം. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിലെ 'രഞ്ജിതമെ' എന്ന ഗാനം ഹിറ്റ് ലിസ്റ്റിലിടം നേടി കഴിഞ്ഞു. വംശീ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12 നാണ് തിയേറ്ററുകളിലെത്തുന്നത്.

