ആദ്യ ത്രീഡി പ്രിന്റ് റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു
text_fieldsന്യൂയോർക്: ത്രീഡി പ്രിന്റ് ചെയ്ത ഭാഗങ്ങൾ കൊണ്ടുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപണം സാങ്കേതികത്തകരാർമൂലം മാറ്റിവെച്ചു. റിലേറ്റിവിറ്റി സ്പേസിന്റെ ടെറാൻ 1 വിക്ഷേപണം ആണ് അവസാന സെക്കന്റുകളിൽ മാറ്റിവെച്ചത്.
രണ്ടാം തവണയാണ് വിക്ഷേപണം പരാജയപ്പെടുന്നത്. വാൽവ് തകരാറിലായതിനാൽ ബുധനാഴ്ച ആദ്യ വിക്ഷേപണശ്രമം ഒരു മിനിറ്റിനുള്ളിൽ നിർത്തിവെച്ചിരുന്നു.
ശനിയാഴ്ച എല്ലാ ഒരുക്കവും നടത്തി എൻജിൻ ജ്വലിപ്പിച്ച് അരമിനിറ്റിനകം ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. അധികൃതർ കാരണം വിശദീകരിച്ചിട്ടില്ല.
110 അടി ഉയരമുള്ള റോക്കറ്റിന്റെ എൻജിനുകൾ ഉൾപ്പെടെ 85 ശതമാനവും കാലിഫോർണിയയിലെ കമ്പനി ആസ്ഥാനത്തുള്ള കൂറ്റൻ ത്രീഡി പ്രിന്റർ ഉപയോഗിച്ചാണ് നിർമിച്ചത്. ഭാവിയിൽ ബഹിരാകാശ യാത്രയുടെ ചെലവ് കുറക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കും.

