മണിപ്പൂരിന് അഭിമാനനേട്ടം; 12.6 ബില്യൺ വർഷം പഴക്കമുള്ള ഗാലക്സി കൂട്ടത്തിന് 'ലോകതക്' എന്ന് നാമകരണം ചെയ്ത് ഇന്ത്യൻ ഗവേഷകൻ
text_fieldsഇംഫാൽ: പ്രപഞ്ചത്തിന്റെ ആദിമ ഘട്ടത്തിൽ രൂപപ്പെട്ട ഒരു കൂറ്റൻ ഗാലക്സി ഘടനയെ കണ്ടെത്തി ശാസ്ത്രലോകം. മണിപ്പൂരിലെ പ്രശസ്തമായ ലോകതക് തടാകത്തിന്റെ പേരാണ് ഈ അപൂർവ്വ കണ്ടെത്തലിന് നൽകിയിരിക്കുന്നത്. 'ലോകതക് പ്രോട്ടോക്ലസ്റ്റർ' എന്നാണ് ഈ ഗാലക്സി കൂട്ടത്തിന് പേര് നൽകിയിരിക്കുന്നത്. ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ (NAOJ) മണിപ്പൂർ സ്വദേശിയായ ഡോ. റൊണാൾഡോ ലൈഷ്രാം ആണ് ഈ സുപ്രധാന പഠനത്തിന് നേതൃത്വം നൽകിയത്.
എന്താണ് ലോകതക് പ്രോട്ടോക്ലസ്റ്റർ?
ശാസ്ത്രജ്ഞർ ഇതിനെ ഗാലക്സികളുടെ ഒരു നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുരുത്വാകർഷണ ബലത്താൽ കൂടിച്ചേർന്ന് വളർന്നുകൊണ്ടിരിക്കുന്ന ഒരു ആദിമ ഗാലക്സി കൂട്ടമാണിത്. ഏകദേശം 12.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് പ്രപഞ്ചം എങ്ങനെയായിരുന്നു എന്നതിലേക്കാണ് ഈ കണ്ടെത്തൽ വെളിച്ചം വീശുന്നത്. പ്രപഞ്ചത്തിന് ഏകദേശം 1.2 ബില്യൺ വർഷം മാത്രം പ്രായമുള്ളപ്പോഴാണ് ഈ ഗാലക്സികൾ രൂപപ്പെട്ടത്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിൽ (JWST) നിന്നും സുബാരു ടെലിസ്കോപ്പിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്.
മണിപ്പൂരിലെ ലോകതക് തടാകത്തിലെ ഒഴുകുന്ന ദ്വീപുകളായ 'ഫുംദികളിൽ' (Phumdis) നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് നൽകിയത്. ഒരു വലിയ ജലാശയത്തിൽ പല ഭാഗങ്ങളിലായി പരന്നുകിടക്കുന്ന ഫുംദികളെപ്പോലെ, പരസ്പരം ബന്ധിപ്പിക്കപ്പെട്ട നാല് ഗാലക്സി കേന്ദ്രങ്ങളാണ് ഈ പ്രോട്ടോക്ലസ്റ്ററിലുള്ളത്. മണിപ്പൂരിന്റെ സംസ്കാരത്തെയും പ്രകൃതിയെയും ആഗോള ശാസ്ത്ര ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള ഡോ. റൊണാൾഡോയുടെ ശ്രമം കൂടിയാണിത്.
മണിപ്പൂരിലെ തൗബൽ ജില്ലയിലെ ഖാംഗബോക് സ്വദേശിയാണ് ഡോ. റൊണാൾഡോ. ജപ്പാനിലെ തൊഹോകു സർവ്വകലാശാലയിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും പൂർത്തിയാക്കിയ അദ്ദേഹം നിലവിൽ ടോക്കിയോയിലാണ് ഗവേഷണം നടത്തുന്നത്. പതിനെട്ടാം വയസ്സിൽ ഒരു ഛിന്നഗ്രഹം കണ്ടെത്തി മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. മണിപ്പൂരിലെ വിദ്യാർഥികൾക്കിടയിൽ ശാസ്ത്രബോധം വളർത്തുന്നതിനായി 'മണിപ്പൂർ അസ്ട്രോണമിക്കൽ സൊസൈറ്റി' സ്ഥാപിക്കുന്നതിലും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട്.
ലോകതക് തടാകത്തിന്റെ സൗന്ദര്യത്തിൽ നിന്ന് പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന ഈ കണ്ടെത്തൽ, മണിപ്പൂരിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും യുവതലമുറക്ക് വലിയ പ്രചോദനമാകും. തങ്ങളുടെ നാടും സംസ്കാരവും ആഗോള ശാസ്ത്ര ഗവേഷണങ്ങളിൽ വലിയൊരു ഭാഗമാണെന്ന തിരിച്ചറിവാണ് ഇതിലൂടെ ലഭിക്കുന്നത്.

