ഗഗൻയാൻ: യാത്രികരെ തിരികെയെത്തിക്കാനുള്ള ആദ്യ പരീക്ഷണം ഇന്ന്
text_fieldsഗഗൻയാൻ മിഷൻ
ബംഗളൂരു: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ പ്രധാന പരീക്ഷണദൗത്യം ശനിയാഴ്ച നടക്കും. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ഗഗൻയാന്റെ ആദ്യ പരീക്ഷണമായ ‘ൈഫ്ലറ്റ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ 1’ (ടി.വി-ഡി 1) ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ഒന്നാം വിക്ഷേപണ തറയിൽ ശനിയാഴ്ച രാവിലെ എട്ടിന് നടക്കുക.
ഏതെങ്കിലും സാഹചര്യത്തിൽ ദൗത്യം റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള പരീക്ഷണവിക്ഷേപണമാണിത്. ഇതിനായുള്ള ക്രൂ മൊഡ്യൂൾ കഴിഞ്ഞ ദിവസം വിക്ഷേപണവാഹനത്തിൽ ഘടിപ്പിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) പരീക്ഷിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താമെന്നാണ് പരീക്ഷണം. ഇതിനായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ടി.വി.ഡി1. ഇതിൽ ക്രൂ മൊഡ്യൂൾ (സി.എം), ക്രൂ എസ്കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് പ്രധാന ഭാഗങ്ങൾ. യഥാർഥ മൊഡ്യൂളിന്റെ അതേ സ്വഭാവത്തിലുള്ളതാണ് പരീക്ഷണത്തിനുള്ളതും. നിശ്ചിത ഉയരത്തിൽനിന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന പേടകം ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെയാണ് കരയിലെത്തിക്കുക.

