വീണ്ടും ബഹിരാകാശത്തെത്താൻ മോഹം -അൽ നിയാദി
text_fieldsദുബൈ: ഒരിക്കൽകൂടി ബഹിരാകാശത്തേക്ക് എത്താൻ മോഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സുൽത്താൻ അൽ നിയാദി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ആഗ്രഹം തുറന്നുപറഞ്ഞത്. ചടങ്ങ് ‘നാസ’ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു. അതിശയകരമായ സമയമാണ് ബഹിരാകാശത്ത് കഴിഞ്ഞുപോയത്. വളരെ വേഗം കഴിഞ്ഞതുപോലെയാണ് അനുഭവപ്പെട്ടത്. എന്റെ പ്രദേശത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു ഈ യാത്ര.
ഏറെ കാര്യങ്ങൾ ചെയ്യാനും കൂടുതൽ ആളുകളിലേക്ക് എത്താനും സാധിച്ചത് സന്തോഷകരമാണ്. ബഹിരാകാശ നിലയത്തിലെ സഹപ്രവർത്തകർ സഹോദരങ്ങളെ പോലെയായതായി അൽ നിയാദി പിന്നീട് ട്വിറ്ററിലൂടെ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിൽ എനിക്ക് പുതിയ കുടുംബത്തെ ലഭിക്കുകയായിരുന്നു. അനുഭവങ്ങളും അറിവുകളും പാരമ്പര്യവും സംസ്കാരവും പരസ്പരം പങ്കുവെക്കാനായി. മാത്രമല്ല, ഒരുമിച്ച് അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാനും അനുഭവിക്കാനും കഴിഞ്ഞു -അദ്ദേഹം കൂട്ടിച്ചേർത്തു.

