Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂര്യനിലെ മഹാസ്ഫോടനങ്ങൾ ഒരേപോലെയല്ല വികസിക്കുന്നത്; ശാസ്ത്രലോകത്തെ തിരുത്തി ആദിത്യ എൽ-1

text_fields
bookmark_border
സൂര്യനിലെ മഹാസ്ഫോടനങ്ങൾ ഒരേപോലെയല്ല വികസിക്കുന്നത്; ശാസ്ത്രലോകത്തെ തിരുത്തി ആദിത്യ എൽ-1
cancel

ന്യൂഡൽഹി: സൂര്യനിൽനിന്നുള്ള വൻ സ്ഫോടനങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ശാസ്ത്രീയ ധാരണകളെ തിരുത്തുന്ന നിർണായക കണ്ടെത്തലുമായി ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ദൗത്യമായ ആദിത്യ എൽ1. സൂര്യനിൽനിന്ന് പുറത്തേക്ക് വ്യാപിക്കുന്ന വൻ സ്ഫോടനങ്ങൾ മുമ്പ് കരുതിയിരുന്നതുപോലെ ഒരേ ആകൃതിയിലുള്ള കുമിളകൾ പോലെയല്ല നീങ്ങുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇവയുടെ വികാസം അസമമായ രീതിയിലും ചെരിഞ്ഞ രീതിയിലുമാണെന്ന് ഗവേഷകർ കണ്ടെത്തി

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. 2024 ഓഗസ്റ്റ് അഞ്ചിന് സൂര്യനിലുണ്ടായ സ്ഫോടനമാണ് പഠനവിധേയമാക്കിയത്. ആദിത്യ എൽ1യിലെ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (VELC), നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രങ്ങൾ, ത്രിമാന മാതൃകകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു പഠനം. കണ്ടെത്തലുകൾ ദ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചു.

സൂര്യന്റെ പുറം അന്തരീക്ഷമായ കൊറോണയിൽനിന്ന് ചൂടേറിയ കാന്തിക പ്ലാസ്മ വലിയ അളവിൽ പുറത്തേക്ക് പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് ഇജക്ഷൻ (CME). ഇത്തരം സ്ഫോടനങ്ങൾ ഭൂമിയുടെ ദിശയിലേക്ക് നീങ്ങുമ്പോൾ കാന്തികമണ്ഡലത്തിൽ അസ്വസ്ഥതകളുണ്ടാകാം. ഇത് ഉപഗ്രഹങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, മറ്റ് ബഹിരാകാശ സാങ്കേതിക സംവിധാനങ്ങൾ എന്നിവയെ ബാധിക്കാനും സാധ്യതയുണ്ട്.

സൗരസ്ഫോടനങ്ങൾ ഭൂമിയിലെത്താൻ എത്ര സമയമെടുക്കുമെന്നും അവയുടെ ആഘാതം എത്രത്തോളമായിരിക്കുമെന്നും പ്രവചിക്കുന്നതിന് അവയുടെ വേഗവും സഞ്ചാരദിശയും വികാസരീതിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ സ്ഫോടനങ്ങളുടെ ആദ്യഘട്ടത്തിലെ ചലനങ്ങൾ നിരീക്ഷിക്കുന്നത് ശാസ്ത്രജ്ഞർക്ക് വെല്ലുവിളിയാണ്.

ഇവിടെയാണ് ആദിത്യ എൽ1യിലെ വിഇഎൽസി ഉപകരണത്തിന്റെ പ്രാധാന്യം. ഡോപ്ലർ സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലാസ്മയുടെ ചലനവും വേഗവും തിരിച്ചറിയാൻ ഇതിന് കഴിയും. 2024 ഓഗസ്റ്റിലെ സൗരസ്ഫോടനത്തിനിടെ പ്ലാസ്മ നിരീക്ഷകന്റെ ദിശയിലേക്കും എതിർദിശയിലേക്കും ഒരേസമയം നീങ്ങുന്നതിന്റെ സൂചനകൾ ഉപകരണം രേഖപ്പെടുത്തി.

നിരീക്ഷണങ്ങൾ വിശദീകരിക്കുന്നതിനായി ഗവേഷകർ സൗരസ്ഫോടനത്തിന്റെ ത്രിമാന മാതൃക വികസിപ്പിച്ചു. എല്ലാ ദിശകളിലേക്കും ഒരേപോലെ വികസിക്കുന്നുവെന്ന പഴയ മാതൃകക്ക് നിരീക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ അസമമായ വികാസവും ചെരിവും ഉൾപ്പെടുത്തിയപ്പോൾ കൂടുതൽ കൃത്യമായ ഫലം ലഭിച്ചു. ഇതോടെയാണ് സൗരസ്ഫോടനങ്ങൾ കുമിളകൾ പോലെ ഒരേ ആകൃതിയിൽ വികസിക്കുമെന്ന പരമ്പരാഗത ധാരണ ചോദ്യം ചെയ്യപ്പെട്ടത്.

സ്ഫോടനങ്ങളുടെ ആകൃതിയിലുള്ള വ്യത്യാസം ബഹിരാകാശത്തിലൂടെയുള്ള അവയുടെ സഞ്ചാരത്തെയും സ്വാധീനിച്ചേക്കാം. സൗരവാതവുമായുള്ള ഇടപെടലും പ്രതിരോധബലത്തിലെ വ്യത്യാസങ്ങളും സ്ഫോടനത്തിന്റെ വേഗത്തിൽ മാറ്റമുണ്ടാക്കാം. ഇത് സൗരസ്ഫോടനങ്ങൾ ഭൂമിയിലെത്തുന്ന സമയം പ്രവചിക്കുന്നത് കൂടുതൽ സങ്കീർണമാക്കും.

സൗരസ്ഫോടനങ്ങളുടെ ത്രിമാന വികാസം കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ആദിത്യ എൽ1യുടെ നിരീക്ഷണങ്ങൾ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വരുംകാലങ്ങളിൽ ഇത്തരം നിരീക്ഷണങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ബഹിരാകാശ കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്താനും ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾക്ക് സൗരസ്ഫോടനങ്ങൾ ഉയർത്തുന്ന ഭീഷണി മുൻകൂട്ടി തിരിച്ചറിയാനും കഴിയുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Massive solar eruptions do not expand uniformly; Aditya-L1 corrects the scientific world
Next Story