മലയാളം മിഷൻ ദുബൈ ചാപ്റ്റർ സർഗോത്സവം സമാപിച്ചു
text_fieldsദുബൈ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച സർഗോത്സവം ഗൾഫ് മോഡൽ സ്കൂളിൽ സമാപിച്ചു. ഇത്തവണ മേഖലാടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. സർഗോത്സവത്തിന്റെ ഭാഗമായി സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ 25ന് നടന്നു. നവംബർ ഒന്നിന് ഗൾഫ് മോഡൽ സ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരൻ എം. ബഷീർ തിരിതെളിച്ച് നിർവഹിച്ചു. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ് സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ് സ്വാഗതവും സർഗോത്സവം ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് നന്ദിയും പറഞ്ഞു. 2025ലെ ഭാഷാമയൂരം പുരസ്കാരം നേടിയ അമ്പു സതീഷിന് എം. ബഷീർ ഉപഹാരം കൈമാറി.
മൂന്ന് വേദികളിലായി മാപ്പിളപ്പാട്ട്, നാടോടിനൃത്തം, ഭരതനാട്യം, പ്രസംഗം, ലളിതഗാനം, ഫാൻസി ഡ്രസ്, മോണോ ആക്ട്, കഥപറച്ചിൽ, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ഗൾഫ് മോഡൽ സ്കൂൾ അക്കാദമിക് ഡയറക്ടർ ഉഷ ഷിനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജു അധ്യക്ഷത വഹിച്ചു. എൻ.കെ. കുഞ്ഞഹമ്മദ്, ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, യുവകലാസാഹിതി ദുബൈ യൂനിറ്റ് പ്രസിഡന്റ് ജോൺ ബിനു കാർലോസ്, സർഗോത്സവം സ്വാഗതസംഘം വൈസ് ചെയർമാൻ പ്രദീപ് തോപ്പിൽ, ധനകാര്യ കോ ഓർഡിനേറ്റർ എം.പി. മുരളി, വൈസ് പ്രസിഡന്റ് സർഗ റോയ്, ഐ.ടി കോ ഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോ. കൺവീനർമാരായ പ്രിയ ദീപു, സംഗീത അക്കാദമിക് കോഓർഡിനേറ്റർ ഫിറോസിയാ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകി.

