മധ്യപ്രദേശിൽ രണ്ടിടത്തും കോൺഗ്രസ്; ഒഡിഷയിൽ ബി.ജെ.ഡി
text_fieldsന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്ത് കോൺഗ്രസും ഒരിടത്ത് ബി.ജെ.ഡിയും വിജയിച്ചു. മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികൾ പരാജയപ്പെട്ടു. മധ്യപ്രദേശിലെ രണ്ടു മണ്ഡലങ്ങൾ കോൺഗ്രസ് നിലനിർത്തിയപ്പോൾ ഒഡിഷയിലെ ബിെജപുർ മണ്ഡലം കോൺഗ്രസിൽനിന്ന് ബി.ജെ.ഡി പിടിച്ചെടുത്തു.
മധ്യപ്രദേശിലെ മുൻഗാവോലി നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ബായ്സഹാബ് യാദവിനെ 2124 വോട്ടിന് തോൽപിച്ചാണ് കോൺഗ്രസിെൻറ ബ്രജേന്ദ്ര സിങ് യാദവ് സീറ്റ് നിലനിർത്തിയത്. മധ്യപ്രദേശിലെ മറ്റൊരു മണ്ഡലമായ കൊളാറസിൽ ബി.ജെ.പി സ്ഥാനാർഥിയെ കോൺഗ്രസിെൻറ റാം സിങ് യാദവ് 8000ത്തോളം വോട്ടിന് തോൽപിച്ചു. ഒഡിഷയിലെ ബിജെപുർ മണ്ഡലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയേറ്റു.
ബി.ജെ.ഡിയുടെ റിത സാഹു 41,933 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി അശോക് പനിഗ്രഹി രണ്ടാം സ്ഥാനത്തെത്തി. സിറ്റിങ് എം.എൽ.എയായിരുന്ന മരിച്ച സുബാൽ സാഹുവിെൻറ ഭാര്യ റിത സാഹു 1,02,871 വോട്ട് നേടി.
