പഞ്ചായത്ത് പ്രസിഡൻറ് അടക്കം കേരള കോൺഗ്രസ് (ജോസ്) പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
text_fieldsകഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി രാജൻ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീം കുട്ടി കല്ലാറിൽനിന്ന് അംഗത്വം സ്വീകരിക്കുന്നു
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി രാജൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽനിന്ന് രാജിെവച്ച് കോൺഗ്രസിൽ ചേർന്നു.
ചുരുളിപ്പതാലിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അംഗത്വം നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നരത്താൻ വാർഡിൽനിന്നാണ് രാജേശ്വരി ജയിച്ചത്. കേരള കോൺഗ്രസിന് മൂന്ന് അംഗങ്ങളാണു പഞ്ചായത്തിലുള്ളത്.
രാജേശ്വരി മാറിയതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരംഗം മാത്രമായി. രാജേശ്വരിയോടൊപ്പം പഞ്ചായത്ത് മുൻ അംഗം അനിറ്റ ജോഷിയുൾപ്പെടെ 23 പേർകൂടി കോൺഗ്രസിൽ ചേർന്നു.
ചുരുളിപ്പതാലിൽ ചേർന്ന യോഗത്തിൽ ആഗസ്തി അഴകത്ത്, വക്കച്ചൻ വയലിൽ, ജോസ് ഊരക്കാട്ടിൽ പി.ഡി. ശോശാമ്മ, പി.കെ. മോഹൻദാസ്, ശശി കണ്യാലിൽ തുടങ്ങിയവർ സംബന്ധിച്ചു.

