നൈപുണ്യ വികസനത്തിന് നമുക്കൊരു നയമുണ്ടോ?
text_fieldsരാജ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പലവിധ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും സുസ്ഥിരമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ വിദ്യാഭ്യാസനയം 2020 തന്നെ വ്യക്തമാക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി റിപ്പോർട്ട് പ്രകാരം രാജ്യത്തെ 19-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ കേവലം അഞ്ചു ശതമാനം പേർ മാത്രമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുന്നത്. എന്നാൽ, ഇത് ദക്ഷിണ കൊറിയയിൽ 96 ശതമാനവും ജർമനിയിൽ 75 ശതമാനവും യു.എസിൽ 52 ശതമാനവുമാണ്. ഉന്നത മാർക്കോടെ പ്രഫഷനൽ ബിരുദങ്ങൾ നേടുന്നവർക്കുപോലും ആധുനിക തൊഴിൽരംഗം ആവശ്യപ്പെടുന്ന നൈപുണികൾ ആർജിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയിൽ ബിരുദാനന്തരബിരുദം നേടിയവർക്കുപോലും ഈ അറിവുകൾ ദൈനംദിനജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.
2047-ഓടെ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ ശേഷികളുള്ള ഒരു തലമുറ അനിവാര്യമാണ്. ലോകത്തിൽ ഏറ്റവും അനുകൂലമായ ജനസംഖ്യാപരമായ ലാഭവിഹിതം (ഡെമോഗ്രാഫിക് ഡിവിഡന്റ്) ഉള്ളത് ഇന്ത്യയിലാണ്; ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ്സാണ്. 15 മുതൽ 64 വയസ്സുവരെയുള്ള ഈ തൊഴിൽശേഷിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പുത്തൻ നൈപുണ്യവിദ്യാഭ്യാസം കൂടിയേ തീരൂ. നിർമിതബുദ്ധി ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇക്കാലത്ത്, ഭാവിസാധ്യതകൾ മുൻകൂട്ടി കണ്ടുള്ള നൈപുണ്യവികസനമാണ് വിദ്യാർഥികളിൽ സാധ്യമാക്കേണ്ടത്. ബ്രിട്ടീഷ് ഉന്നതവിദ്യാഭ്യാസ വിശകലന ഏജൻസിയായ ക്വാക്വറെല്ലി സൈമണ്ട്സ് (QS) നടത്തിയ ആഗോള നൈപുണ്യവിടവ് പഠനത്തിൽ, വിദ്യാർഥികൾ നേടേണ്ട ശേഷികളിൽ ഏറ്റവും പ്രധാനം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഉൾക്കരുത്ത് (റെസിലിയൻസ്) ആണെന്നും എന്നാൽ ഏറ്റവും വലിയ വിടവ് കാണപ്പെടുന്നതും ഇതിലാണെന്നും വ്യക്തമാക്കുന്നു. ഇതിനുപുറമെ പ്രശ്നപരിഹാരശേഷി, സംഘടിതപ്രവർത്തനങ്ങൾ, ആശയവിനിമയശേഷി, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, പരസ്പരബന്ധം കാത്തുസൂക്ഷിക്കാനുള്ള ശേഷി എന്നിവയാണ് ഭാവി തൊഴിൽമേഖല ആവശ്യപ്പെടുന്ന പ്രധാന ഗുണങ്ങൾ. ‘കുടുംബ-വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക-തൊഴിൽ സമ്മർദങ്ങൾ, ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന പ്രതിസന്ധികളെയും മാനസികാഘാതങ്ങളെയും സമചിത്തതയോടെ നേരിടാനും തളർച്ചകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുമുള്ള മനക്കരുത്ത്’ എന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ റെസിലിയൻസിനെ നിർവചിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം ഒരു കുട്ടിയെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്ന പൊലീസ് കണക്കുകൾകൂടി പരിഗണിക്കുമ്പോൾ ഈ ഉൾക്കരുത്ത് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാണ്.
ലോക സാമ്പത്തികഫോറം, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) എന്നിവയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത് സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം അടുത്ത അഞ്ചു വർഷത്തിനകം 44 ശതമാനം ജീവനക്കാരുടെ നിലവിലെ തൊഴിൽശേഷികൾ അപ്രസക്തമാകുമെന്നാണ്. നൈപുണ്യവികസനം സ്കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ നിർബന്ധമാക്കണമെന്ന് നിതി ആയോഗ് റിപ്പോർട്ടും നിർദേശിക്കുന്നു. സ്കൂളുകളിൽ നൈപുണ്യസംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബിരുദ-അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ, വ്യവസായ അനുബന്ധ കോഴ്സുകൾ എന്നിവ ഇതിൽ പ്രധാനമാണ്.
നൈപുണ്യവിദ്യാഭ്യാസവും കേരളവും
1983-ൽ 19 വിദ്യാലയങ്ങളിലൂടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കേരളം തുടക്കം കുറിച്ചിരുന്നു. എന്നാൽ, കാലക്രമേണ ഇത് 389 വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും 39 ടെക്നിക്കൽ സ്കൂളുകളിലും ഐ.ടി.ഐ, പോളിടെക്നിക് എന്നിവയിലുമായി ഒതുങ്ങിപ്പോയി. മുഖ്യധാരാ വിദ്യാലയങ്ങളിൽനിന്നും ആർട്സ് ആൻഡ് സയൻസ് കോളജുകളിൽനിന്നും നൈപുണ്യവിദ്യാഭ്യാസം അകറ്റിനിർത്തപ്പെട്ടു. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (NSQF) വി.എച്ച്.എസ്.ഇയിൽ നടപ്പാക്കിയെങ്കിലും ഇപ്പോഴും പല കുട്ടികൾക്കും ഇത് അവസാന ചോയ്സ് മാത്രമാണ്. സ്കൂളുകളിൽ നടപ്പാക്കിയ തൊഴിൽസംയോജിത വിദ്യാഭ്യാസത്തിനും വലിയ മാറ്റങ്ങൾ കൊണ്ടുവരാനായില്ല.
മുഖ്യധാരാ വിദ്യാഭ്യാസത്തിന് സമാന്തരമായാണ് കേരളം നൈപുണ്യവികസന ഏജൻസികൾക്ക് രൂപം നൽകിയത്. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കെ-ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ, സമഗ്രശിക്ഷ വഴി സ്ഥാപിച്ച 210 നൈപുണ്യവികസന കേന്ദ്രങ്ങൾ, നാലുവർഷ ബിരുദത്തിലെ അപ്രന്റീസ്ഷിപ്പുകൾ എന്നിവയെല്ലാം ഖജനാവിൽനിന്ന് കോടികൾ ചെലവിട്ട് നടപ്പിലാക്കുന്നുണ്ട്. എന്നാൽ, ദീർഘവീക്ഷണത്തോടെയുള്ള ഒരു സംയോജിതനയം നമുക്കില്ല. പല പദ്ധതികളും ഫണ്ട് തീരുന്നതോടെ നിലയ്ക്കുകയും അതുവരെയുള്ള നിക്ഷേപം പാഴാവുകയും ചെയ്യുന്നു. തൊഴിൽവകുപ്പിനു കീഴിലുള്ള ‘കേസ്’ (KASE) നൈപുണ്യവികസനത്തിന്റെ നോഡൽ ഏജൻസിയാണെന്ന് പറയുമ്പോഴും വിവിധ വകുപ്പുകൾക്ക് കീഴിലെ സംവിധാനങ്ങൾ തമ്മിൽ ഒരു ഏകോപനവുമില്ല. നൈപുണ്യവികസനത്തിന് മാത്രമായി സംസ്ഥാനത്തിന് സമഗ്രമായ ഒരു നയരേഖയില്ല. 2022-27 ലെ പതിനാലാം പഞ്ചവത്സരപദ്ധതിക്കായി ആസൂത്രണബോർഡ് തയാറാക്കിയ നിർദേശങ്ങൾ മാത്രമാണ് മുന്നിലുള്ളത്.
പി.എം സേതു പദ്ധതിയുടെ ഭാവി
നൈപുണ്യവികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം സേതു (പ്രധാനമന്ത്രി സ്കില്ലിങ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ.ടി.ഐസ്). അഞ്ചുവർഷംകൊണ്ട് രാജ്യത്തെ ആയിരം ഐ.ടി.ഐകളെ ആധുനികവത്കരിക്കുന്നതിനായി 60,000 കോടി രൂപയുടെ പദ്ധതിയാണിത്. മറ്റു സംസ്ഥാനങ്ങൾ ഈ പദ്ധതി അതിവേഗം നടപ്പാക്കിവരുന്നു. സംസ്ഥാനത്ത് നാല് കേന്ദ്ര (ഹബ്ബ്) ഐ.ടി.ഐകളും അവയ്ക്കു കീഴിലായി ഉപകേന്ദ്രങ്ങളും സാധ്യമാണ്. നൂതന കോഴ്സുകളും വ്യവസായസൗഹൃദ നൈപുണികളും കൊണ്ടുവരാൻ സഹായിക്കുന്ന ഈ പദ്ധതി പൂർണാർഥത്തിൽ നടപ്പാക്കിയാൽ സംസ്ഥാനത്തെ ഐ.ടി.ഐകൾക്ക് അത് വലിയ ഉണർവാകും. ആധുനിക സമ്പദ്വ്യവസ്ഥകൾ സർഗാത്മകതയെയും നൂതനാശയങ്ങളെയും വൈദഗ്ധ്യമുള്ള തൊഴിലാളികളെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഈ മാറ്റം ഉൾക്കൊള്ളാൻ സർഗാത്മകമായ ക്ലാസ് മുറികളും അധ്യാപകരും കേരളത്തിൽ രൂപപ്പെടേണ്ടതുണ്ട്.
(എസ്.സി.ഇ. ആർ.ടി മുൻ ഡയറക്ടറുംകണ്ണൂർ സർവകലാശാല പെഡഗോജിക്കൽ സയൻസ് ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രഫസറുമാണ് ലേഖകൻ )

