സോളാർ പാനൽ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
text_fieldsകടയ്ക്കൽ: സോളാർ പാനൽ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നാവായിക്കുളം കെട്ടിടം ജങ്ഷൻ ആദിൽ മൻസിൽ പരേതനായ നാസറിന്റെയും ഷൈലയുടെയും മകൻ ആദിൽ മുഹമ്മദ് (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ഗോവിന്ദമംഗലം ശ്രേയസിൽ ശ്രീകുമാറിന്റെ വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചശേഷം എർത്തിങ് നടത്തുന്നതിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാറ്റ സോളാർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
സഹോദരൻ: അദിനാൻ. കടയ്ക്കൽ പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധരും വൈദ്യുതി സേഫ്റ്റി വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

